കോന്നി : തേക്കുതോട് – മേലേ പറക്കുളം റോഡ് അടിയന്തിരമായി പുനഃർനിർമ്മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. മേലേ പറക്കുളം ഇൻഡേക്ക് പമ്പ് ഹൌസിന് സമീപത്തേക്കും പ്രദേശത്തെ ജനവാസ മേഖലയിലേക്കും പോകുന്ന പ്രധാന റോഡാണിത്. പകുതി ഭാഗം കോൺക്രീറ്റും പകുതി ഭാഗം ടാറിംഗുമായി നിർമ്മിച്ചിരിക്കുന്ന റോഡിലെ ടാർ ചെയ്തിരിക്കുന്ന ഭാഗമാണ് ഇളകിമാറിയത്. തേക്കുതോട് മൂഴിയിൽ നിന്ന് കുത്തനെ കയറ്റമുള്ള റോഡായതിനാൽ ഇരുചക്ര വാഹനങ്ങൾ അടക്കം ഇതുവഴി കടന്ന് പോകുന്നതിന് വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
കിലോമീറ്ററോളം മാത്രമല്ല കുത്തനെയുള്ള ഇറക്കത്തിൽ ടാറിംഗ് ഇളകി മെറ്റൽ റോഡിൽ നിരന്ന് കിടക്കുന്നതിനാൽ കാൽനട യാത്രക്കാർ പോലും ബുദ്ധിമുട്ടിയാണ് നടന്ന് പോകുന്നത്. കുത്തനെ കയറ്റമുള്ളതിനാൽ തേക്കുതോട് മൂഴിയിൽ നിന്ന് ആളുകൾ ഓട്ടോറിക്ഷയിലാണ് ഈ വഴി സഞ്ചരിക്കുന്നത്. ഓട നിർമ്മിക്കാത്തതിനാൽ റോഡിലൂടെയാണ് മഴക്കാലത്ത് വെള്ളം ഒഴുകുന്നത്. മഴ ശക്തമായാൽ ഈ റോഡിലൂടെയുള്ള യാത്ര കൂടുതൽ ദുഷ്കരമാകും. കോന്നി എം.എല്‍.എ ഇക്കാര്യത്തില്‍ ഇടപെട്ട് അടിയന്തിരമായി പരിഹാരം ഉണ്ടാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.