പത്തനംതിട്ട : പതിനേഴുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ 18 കാരൻ അറസ്റ്റിൽ. തണ്ണിത്തോട് തേക്കുതോട് താഴെപൂച്ചക്കുളം പാലവിളയിൽ വീട്ടിൽ ജെ വിജയ് (18) ആണ് തണ്ണിത്തോട് പോലീസിന്റെ പിടിയിലായത്. അടുപ്പത്തിലായിരുന്ന പെൺകുട്ടിയെ കഴിഞ്ഞവർഷം നവംബറിനും 2024 ഓഗസ്റ്റ് 10 നുമിടെ ഒന്നിലധികം പ്രാവശ്യം ബലാൽക്കാരമായി പ്രതി സ്വന്തം വീട്ടിലെത്തിച്ച് ബലാൽസംഗം ചെയ്യുകയായിരുന്നു. കുട്ടി പിന്നീട് കോഴഞ്ചേരി സഖി വൺ സ്റ്റോപ്പ് സെന്ററിൽ കഴിഞ്ഞുവരുന്നതായി ജില്ലാ ശിശുക്ഷേമസമിതിയിൽ നിന്നും അറിഞ്ഞതിനെ തുടർന്ന് തണ്ണിത്തോട് പോലീസ് സ്റ്റേഷനിലെ എ എസ് ഐ രജനി അവിടെയെത്തി കുട്ടിയുടെ മൊഴിയെടുത്തു. തുടർന്ന് തട്ടിക്കൊണ്ടുപോകലിനും ബലാൽ സംഗത്തിനും പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
പോലീസ് കുട്ടിയുടെ വൈദ്യപരിശോധന നടത്തിക്കുകയും അടൂർ ജെ എഫ് എം കോടതിയിൽ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. സംഭസ്ഥലത്ത് ശാസ്ത്രീയ അന്വേഷണസംഘം പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം പ്രതിക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കി. തുടർന്ന് ഇന്നലെ വൈകിട്ട് 6 മണിയോടെ തണ്ണിത്തോട് മൂഴിയിൽ നിന്നും കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ യുവാവ് കുറ്റം സമ്മതിച്ചു. രാത്രി 11 മണിക്ക് അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ പ്രതിയുടെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തണ്ണിത്തോട് പോലീസ് ഇൻസ്‌പെക്ടർ ആർ ശിവകുമാർ , എ എസ് ഐമാരായ രജനി , ശിവപ്രസാദ്, എസ് സി പി ഒ മാരായ ശ്രീരാജ് , പ്രസൂൺ, സി പി ഓമാരായ അരുൺ, സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.