കോന്നി : ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ കേസുകൾ കൈകാര്യം ചെയ്യുന്ന പോലീസ് സ്റ്റേഷനിൽ ആവശ്യത്തിനുള്ള ഉദ്യോഗസ്ഥർ ഇല്ലാത്തത് ക്രമസമാധാന പാലനത്തെ സാരമായി ബാധിക്കുന്നു. കോന്നി സ്റ്റേഷനിൽ കുറഞ്ഞത് അഞ്ച് സബ് ഇൻസ്പെക്ടർമാർ വേണ്ടിടത്ത് രണ്ട് പേർ മാത്രമാണ് നിലവിലുള്ളത്. രേഖകളിൽ നാല് എസ്.ഐമാർ ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും രണ്ട് പേരെ ജോലി ക്രമീകരണത്തിന്റെ ഭാഗമായി മറ്റ് സ്ഥലങ്ങളിൽ നിയമിച്ചിട്ട് ഇതുവരെ തിരികെ കൊണ്ടുവന്നിട്ടില്ല. നിലവിലുള്ള സബ് ഇൻസ്പെക്ടർമാരിൽ ഒരാൾ അവധി എടുത്താൽ പിന്നെ ഒരാൾ മാത്രമാണ് ക്രമസമാധാന ചുമതല കൈകാര്യം ചെയ്യാനുള്ളത്.
നിലവിലെ രണ്ട് എസ്.ഐമാരിൽ ഒരാൾ ഈ മാസം ജോലിയിൽ നിന്ന് വിരമിക്കുന്നതോടെ വീണ്ടും ഒരൊറ്റ എസ്.ഐ മാത്രമായി മാറും. വനിത പോലീസ് ഉദ്യോഗസ്ഥർ നാലുപേർ വേണ്ടിടത്ത് രണ്ടുപേർ മാത്രമാണ് ഉള്ളത്.
കോന്നിയിൽ ഉണ്ടാകുന്ന കുടുംബവഴക്കുകളെ തുടർന്നുള്ള സംഘർഷങ്ങൾ ഉൾപ്പെടെ ഉള്ളവയിൽ വനിതകൾ പ്രതികളാകുന്ന കേസിൽ വനിതാ പോലീസിന്റെ സാന്നിധ്യത്തിലാണ് മൊഴിയെടുപ്പും തെളിവെടുപ്പും കോടതിയിൽ ഹാജരാക്കുന്ന നടപടികളും എല്ലാം പൂർത്തീകരിക്കാൻ. ഇവയൊന്നും നടത്താൻ ഉദ്യോഗസ്ഥർ ഇല്ലാതെ വലയുകയാണ് കോന്നിയിലെ പോലീസുകാർ. സംസ്ഥാന പാത നിർമാണം പൂർത്തിയായതോടെ കോന്നി സ്റ്റേഷൻ പരിധിയിൽ ഒരു ദിവസം തന്നെ നിരവധി വാഹനാപകടങ്ങളാണ് ഉണ്ടാകുന്നത്. അപകടം നടക്കുന്ന സ്ഥലങ്ങളിൽ പലയിടത്തും ഉദ്യോഗസ്ഥരുടെ കുറവ് മൂലം വൈകിയെത്തുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ശബരിമല മണ്ഡല കാലം ആരംഭിച്ചപ്പോൾ തന്നെ കോന്നിയിലെ പോലീസ് നടപ്പാക്കേണ്ട ഗതാഗത നിയന്ത്രണം ഹോം ഗാർഡുകളും സ്പെഷൽ പോലീസുമാണ് നോക്കുന്നത്. സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ കുറവ് ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ആവശ്യമായ പരിഗണന നൽകുന്നില്ലെന്നാണ് പരാതി.