കോന്നി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ അമിത വേഗതയിൽ സംഭവിച്ച അപകടങ്ങളിൽ നിരവധി മനുഷ്യ ജീവനുകൾ പൊലിഞ്ഞിട്ടും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുവാനോ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുവാനോ അധികൃതർ തയ്യാറാകുന്നില്ല. കഴിഞ്ഞ ദിവസം പുലർച്ചെയും കൂടൽ കോന്നി എന്നിവിടങ്ങളിൽ രണ്ട് വാഹനാപകടങ്ങൾ ആണ് നടന്നത്. കൂടലിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ച് പരിക്കേറ്റതും ഇളകൊള്ളൂർ ഐ റ്റി സി പടിയിൽ കാർ മതിലിൽ ഇടിച്ചു കയറി ഒരാൾക്ക് പരിക്കേറ്റതും പുലർച്ചെയായിരുന്നു. നിരവധി മനുഷ്യ ജീവനുകൾ ആണ് കോന്നി റീച്ചിൽ നടന്ന വാഹനാപകടങ്ങളിൽ പൊലിഞ്ഞിട്ടുള്ളത്. സംസ്ഥാന പാതയുടെ നിർമ്മാണം പൂർത്തിയായപ്പോൾ അപാകതകളും അനവധിയാണ്. പലയിടത്തും റോഡിനു വീതിയില്ല.
ആവശ്യമുള്ള ഭാഗങ്ങളിൽ നിഗ്നൽ ലൈറ്റുകളോ സുരക്ഷാ മാർഗങ്ങളോ ഇല്ല. നിരീക്ഷണ ക്യാറകൾ ഇല്ല. തമിഴ്നാട്, കർണ്ണാടക, ആന്ധ്രാപ്രദേശ് പോലെയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തിയാണ് പലപ്പോഴും വാഹനം ഓടിക്കുന്നത്. ഇത്തരത്തിൽ ഉണ്ടാകുന്ന വാഹനാപടങ്ങളും ഏറെയാണ്. റോഡിലെ അപകടകരമായ ഭാഗങ്ങളിൽ വാഹനങ്ങൾ നിയന്ത്രണങ്ങളില്ലാതെ മറികടക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. കൃത്യമായ സ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും മോട്ടോർ വാഹന വകുപ്പും പോലീസും കൃത്യമായ നടപടികൾ സ്വീകരിച്ചാൽ വാഹനാപകടങ്ങൾ ഒരു പരിധിവരെ കുറക്കുവാൻ കഴിയും എന്നിരിക്കെ ഇത്തരത്തിൽ ഉള്ള ഇടപെടൽ കാര്യക്ഷമമല്ല എന്നാണ് അപകടങ്ങളിൽ നിന്നും മനസ്സിലാകുന്നത്. കുമ്പഴ മുതൽ കലഞ്ഞൂർ വരെയുള്ള സംസ്ഥാന പാതയുടെ കോന്നി റീച്ചിൽ എണ്ണിയാൽ ഒടുങ്ങാത്ത ചെറുതും വലുതുമായ വാഹനാപകടങ്ങൾ ആണ് നടന്നിട്ടുള്ളത്. ഇതിൽ പൊലിഞ്ഞ മനുഷ്യ ജീവനുകളും അനവധിയാണ്. റോഡിന്റെ സുരക്ഷാ വേലിയിൽ ഇടിച്ചുള്ള അപകടങ്ങളും വർധിക്കുന്നുണ്ട്. മൈലപ്ര, കുമ്പഴ, മാമൂട്, ചിറ്റൂർ മുക്ക്, കോന്നി, എലിയറക്കൽ, പൂവൻപാറ, മുറിഞ്ഞകൽ, വകയാർ, കൂടൽ, കലഞ്ഞൂർ തുടങ്ങിയ നിരവധി സ്ഥലങ്ങൾ ഇപ്പോൾ സ്ഥിരം അപകട മേഖലയുടെ പട്ടികയിൽ ഉൾപ്പെടുന്നതാണ്.