വാഷിംഗ്ടണ്‍ ഡിസി : ലോകം ഉറ്റുനോക്കുന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പിന് ഇനി രണ്ട് നാള്‍ മാത്രം. തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണ ചൂടിലാണ് സ്ഥാനാര്‍ത്ഥികള്‍. അമേരിക്കയെ രക്ഷിക്കാന്‍ തനിക്ക് വോട്ട് ചെയ്യണമെന്നാണ് മുന്‍ പ്രസിഡന്‌റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിന്‌റെ വാദം. തിരഞ്ഞെടുക്കപ്പെട്ടാല്‍ ചെയ്യുന്ന പ്രവർത്തികളുടെ പട്ടിക പുറത്തുവിട്ടാണ് വൈസ് പ്രസിഡന്‌റും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ കമല ഹാരിസിന്‌റെ തിരഞ്ഞെടുപ്പ് പ്രചാരണം. നവംബര്‍ അഞ്ചിന് അമേരിക്കയില്‍ ജനം വിധിയെഴുതാനിരിക്കെ ഏഴ് കോടി പേർ ഏര്‍ളി വോട്ടിംഗ് പോസ്റ്റല്‍ സംവിധാനങ്ങളിലൂടെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു കഴിഞ്ഞു.
24 കോടി പേര്‍ക്ക് തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുണ്ട്. 2020ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 10.01 കോടി പേര്‍ തിരഞ്ഞെടുപ്പിന് മുന്നേ വോട്ട് ചെയ്തിരുന്നു. കൊവിഡിനെ തുടര്‍ന്നായിരുന്നു ഇത്. കമലയും ട്രംപും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെക്കുമെന്നാണ് തിരഞ്ഞെടുപ്പ് സര്‍വേകളില്‍ വ്യക്തമാക്കുന്നത്. അമേരിക്കന്‍ പ്രസിഡന്‌റ് ജോ ബൈഡന്‍ ട്രംപിന്‌റെ അനുയായികളെ മാലിന്യങ്ങളെന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിന് മറുപടിയായി ട്രംപ് മാലിന്യ ട്രക്ക് ഓടിച്ചായിരുന്നു തിരഞ്ഞെടുപ്പിന്‌റെ അവസാന ലാപ്പിലേക്ക് കയറിയത്. ട്രക്കിന്‌റെ ക്യാമ്പിനിലിരുന്ന് ട്രപ് മാധ്യമങ്ങള്‍ക്ക് അഭിമുഖവും നല്‍കിയിരുന്നു. കമലാ ഹാരിസ് വിജയിക്കുമെന്നാണ് തിരഞ്ഞെടുപ്പ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന അമേരിക്കയില്‍ ആര് വിജയിക്കുമെന്നത് നിര്‍ണയിക്കുക സാധ്യമല്ല. 54 ശതമാനം സ്ത്രീകളുടെ പിന്തുണയാണ് കമല ഹാരിസിന് എബിസി ന്യൂസ്/ ഇപ്‌സോസ് സര്‍വേ പ്രവചിക്കുന്നത്. ട്രംപിനുള്ളത് 41 ശതമാനം പേരുടെ പിന്തുണയാണെന്നാണ് റിപ്പോര്‍ട്ട്.