തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിലും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലും സര്‍ക്കാരിനും തിരുവനന്തപുരം കോര്‍പറേഷനും ഉള്ളത് വൻ വീഴ്ച. ഓപ്പറേഷൻ അനന്തയുടെ തുടര്‍ നടപടികളിലും വകുപ്പ് തല ഏകോപനത്തിലും ഉണ്ടായ പാളിച്ചകൾക്ക് പുറമെ വെള്ളക്കെട്ട് പരിഹരിക്കാൻ വകയിരുത്തിയ തുകയിൽ നാലിൽ ഒന്ന് പോലും കോര്‍പറേഷൻ ചെലവഴിച്ചിട്ടില്ല. സർക്കാർ പ്രഖ്യാപിച്ച തെളിനീരൊഴുകും നവകേരളം പദ്ധതിയിലും ഇല്ല പാർവതിപുത്തനാറിന്റെയും ആമയിഴഞ്ചാൻ തോടിന്റെയും പേരില്ല. ആമയിഴഞ്ചാൻ ആകെ 12 കിലോമീറ്ററാണുള്ളത്. റെയിൽവേയുടെ ഭൂമിയിലൂെട കടന്നുപോകുന്നത് 170 മീറ്റർ മാത്രമാണ്. ഇരുമ്പുവലവെച്ച് മാലിന്യം തടയുന്നുണ്ടെങ്കിലും ടണലിലേക്ക് നഗര മാലിന്യങ്ങളാണ് ഒഴുകിവരുന്നതെന്നാണ് റെയിൽവേയുടെ വാദം.
എന്നാൽ ടണലിന് മുമ്പും ശേഷവുമുള്ള മാലിന്യത്തിന് കോർപ്പറേഷനും സർക്കാരും പരസ്പരം പഴിചാരി തടിതപ്പുകയാണ്. 2015ൽ ഓപ്പറേഷൻ അനന്തയുടെ ഭാഗമായി റെയിൽവേയുടെ ഭാഗത്തുനിന്ന് കോരിമാറ്റിയത് 700 ടൺ മാലിന്യമാണ്. തുടർന്ന് മാലിന്യം തള്ളുന്നത് തടയാൻ ക്യാമറ ഘടിപ്പിച്ചു. 54ലക്ഷം രൂപ ചെലവാക്കി 37 ക്യാമറകൾ പേരിന് കാണാനില്ല. മേജർ ഇറിഗേഷൻ, നഗരസഭ, റെയിൽവേ തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനത്തിന് ഒരു നടപടിയും നിലവിലില്ല.