തിരുവനന്തപുരം : സംഘടനാ അച്ചടക്കം പാലിച്ച് നിശ്ശബ്ദരായിരിക്കുന്ന സ്ത്രീകളാണ് പാർട്ടികൾക്കുള്ളിലെന്നും അധികാരത്തിനുള്ള അവകാശം പിടിച്ചെടുക്കാൻ അവർ ശ്രമംനടത്തുന്നില്ലെന്നും സാറാ ജോസഫ്. തിരഞ്ഞെടുപ്പുകളിൽ 33 ശതമാനം സ്ത്രീകളെ മത്സരിപ്പിക്കാൻ രാഷ്ട്രീയപ്പാർട്ടികൾ തയ്യാറാകണമെന്നാവശ്യപ്പെട്ട് തുല്യപ്രാതിനിധ്യ പ്രസ്ഥാനം നടത്തിയ പെൺ മെമ്മോറിയൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. കുസുമം ജോസഫ് അധ്യക്ഷത വഹിച്ചു.
അധികാരത്തിനുള്ള ഇടങ്ങൾ എല്ലാവർക്കും കിട്ടേണ്ടത് അവകാശപ്രശ്നമാണ്. വനിതാ സംവരണ ബിൽ മോദിസർക്കാർ കൊണ്ടുവന്നെങ്കിലും കേന്ദ്രം അതു വൈകിപ്പിക്കുകയാണ്. പ്രാപ്തിയുള്ള സ്ത്രീകളില്ലെന്ന് ജി.സുധാകരൻ പറഞ്ഞത്, കഴിവുള്ള സ്ത്രീകളെ അദ്ദേഹം കണ്ടിട്ടില്ലാത്തതിനാലാണെന്ന്് സാറാ ജോസഫ് പറഞ്ഞു. തിരുവിതാംകൂറിൽ നടന്ന മലയാളി മെമ്മോറിയലിന്റെ വികസിതരൂപമായി പെൺ മെമ്മോറിയൽ ചരിത്രത്തിലുണ്ടാകുമെന്നും അവർ പ്രതികരിക്കുകയും ചെയ്തു.