കേരളത്തിൻ്റെ ചരിത്രത്തിലും രാഷ്ട്രീയത്തിലും പ്രധാനപ്പെട്ട ലോക്സഭ മണ്ഡലങ്ങളിൽ ഒന്നാണ് കോഴിക്കോട്. 1952-ൽ രൂപീകൃതമായ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ പ്രധാനമായും ഇന്ത്യൻ നാഷണൽ കോൺഗ്രസും സിപിഐ(ഐം) തമ്മിലാണ് മത്സരം. ബാലുശേരി, എലത്തൂർ, കോഴിക്കോട് തെക്ക്, കോഴിക്കോട് വടക്ക്, ബേപ്പൂർ, കുന്ദമംഗലം, കൊടുവള്ളി എന്നിങ്ങനെയുള്ള ഏഴ് നിയമസഭ മണ്ഡലങ്ങളാണ് കോഴിക്കോട് ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്നത്. സസ്പെൻസും ട്വിസ്റ്റും നിറഞ്ഞ മത്സരമാണ് നടക്കുന്നതെന്നതും കോഴിക്കോട് മണ്ഡലത്തിൻ്റെ പ്രത്യേകതയാണ്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇടതിന് അനുകൂലമായി വിധിയെഴുതുന്ന കോഴിക്കോട്, ലോക്സഭ തിരഞ്ഞെടുപ്പ് വരുമ്പോൾ യുഡിഎഫിന് ഒപ്പം നിൽക്കുന്നതാണ് മുൻകാല ചരിത്രം. മൂന്നു തവണ മാത്രമാണ് എൽഡിഎഫിന് മണ്ഡലത്തിൽ വിജയിക്കാനായത്.
കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സിറ്റിങ്ങ് എം.പി. എം.കെ രാഘവൻ തന്നെയായിരിക്കും മത്സരിക്കുക എന്നത് ഏറക്കുറേയുറപ്പാണ്. മണ്ഡലത്തിൽ ഏറെ ജനസമ്മതിയുള്ള എം.കെ രാഘവനെ മാറ്റാൻ ആവശ്യമായ ഒരു സാഹചര്യവും നിലവിൽ ഇല്ല. എംകെ രാഘവൻ തന്നെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയെങ്കിൽ രണ്ട് എംപിമാരായിരിക്കും ഈ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നിന്നും ജനവിധി തേടുന്നത്. രാജ്യസഭ എംപി എളമരം കരീമിനെയാണ് എൽഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. സി.പി.എം കേന്ദ്രകമ്മിറ്റി അംഗമായ എളമരം കരീമിന് മണ്ഡലത്തിലുള്ള പരിചയവും രാജ്യസഭയിലെ മികവും തന്നെയാണ് എൽഡിഎഫിൻ്റെ പ്രതീക്ഷ.
നിയമസഭ മണ്ഡലങ്ങളുടെ എണ്ണം നോക്കിയാൽ എൽഡിഎഫിന് വലിയ ഭൂരിപക്ഷമുണ്ട് കോഴിക്കോട്. പക്ഷേ കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിൽ എം.കെ രാഘവനെ തോൽപ്പിക്കാൻ എൽഡിഎഫിനാകുന്നില്ല. ത്രികോണ മത്സരത്തിന് സാദ്ധ്യതയില്ലെങ്കിലും ബിജെപിയും പ്രധാനമണ്ഡലമായാണ് കോഴിക്കോടിനെ കാണുന്നത്. മുതിർന്ന ബിജെപി നേതാവ് എംടി രമേശ് ആണ് കോഴിക്കോട്ടെ സ്ഥാനാർത്ഥി. വോട്ട് വിഹിതം വർദ്ധിപ്പിക്കുക എന്നതാകും ബിജെപിയുടെ ലക്ഷ്യം.