കുട്ടികൾക്ക് എപ്പോഴും പോഷകഗുണമുള്ള ഭക്ഷണങ്ങൾ തന്നെ നൽകാനാണ് നാം ശ്രദ്ധിക്കേണ്ടത്. പോഷകാഹാരക്കുറവ് കുട്ടികളിൽ വിളർച്ചയ്ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. കുട്ടികൾക്ക് നിർബന്ധമായും നൽകേണ്ട ഒരു ഭക്ഷണമാണ് മുട്ട. ശരീരത്തിനാവശ്യമായ പ്രോട്ടീൻ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട. ഒരു ഇടത്തരം മുട്ടയിൽ ഏകദേശം 80–85 കലോറി, 6.6 ഗ്രാം പ്രോട്ടീൻ, 7 ഗ്രാം ഫാറ്റ്, കൊളസ്ട്രോൾ 213 എന്ന അളവിൽ അടങ്ങിയിരിക്കുന്നു.
ശരീരത്തിനാവശ്യമായ പ്രധാനപ്പെട്ട 24 അമിനോ ആസിഡുകൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. മുട്ടയുടെ വെള്ളയിൽ കൂടുതൽ ഉള്ളത് പ്രോട്ടീൻ ആണ് (Albumin protein). കുട്ടിയുടെ ഭാരം നിയന്ത്രിക്കുന്നതിനും നിലനിർത്തുന്നതിനും മുട്ടകൾ വഹിക്കുന്ന പങ്ക് രണ്ട് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ഉയർന്ന പ്രോട്ടീൻ മുട്ട അടിസ്ഥാനമാക്കിയുള്ള പ്രഭാതഭക്ഷണം കഴിക്കുന്ന കുട്ടികൾ ഉച്ചഭക്ഷണത്തിൽ കുറച്ച് കലോറി മാത്രമേ കഴിക്കുന്നുള്ളൂവെന്ന് ഒരു പഠനം കണ്ടെത്തി. കുട്ടികൾ പ്രോട്ടീൻ അടങ്ങിയ മുട്ട അടിസ്ഥാനമാക്കിയുള്ള പ്രഭാതഭക്ഷണം കഴിക്കുമ്പോൾ വിശപ്പ് മൊത്തത്തിൽ കുറയുന്നതായി മറ്റൊരു പഠനം കണ്ടെത്തി. മുട്ടയിൽ പ്രോട്ടീൻ, കൊഴുപ്പ്, വിറ്റാമിൻ എ, ഡി, ഇ, ബി 12, കോളിൻ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന കോളിൻ എന്ന പോഷകം തലച്ചോറിന്റെ വികസനത്തിനും ഓർമശക്തി വർധിപ്പിക്കുന്നതിനും അത്യന്താപേക്ഷിതമാണ്. മുട്ടയിൽ ധാരാളം ഒമേഗ –3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഭാരനിയന്ത്രണം, എല്ലുകളുടെ സംരക്ഷണം എന്നിവയ്ക്ക് സഹായിക്കുന്നു.
മുട്ടയിൽ വിറ്റാമിൻ ബി 12 അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ദിവസവും മുട്ട കഴിക്കുന്നത് ശരീരത്തിന് ഊർജ്ജം നൽകുകയും തലച്ചോറിനെ സംരക്ഷിക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന രണ്ട് ആന്റിഓക്‌സിഡന്റുകളാണ് Lutein and Zeaxanthin എന്നിവ . പ്രായമാകുമ്പോൾ കണ്ണുകളെ ബാധിക്കുന്ന മാക്യുലർ ഡീജനറേഷൻ, തിമിരം തുടങ്ങിയ ചില ഡീജനറേറ്റീവ് പ്രക്രിയകളെ അവ പ്രതിരോധിക്കുന്നു.