പന്തളം : ശബരിമല റോഡ് പുനരുദ്ധാരണം നടത്തുമ്പോൾ പന്തളത്തുനിന്ന് പത്തനംതിട്ട വഴി ശബരിമലയിലെത്തിച്ചേരുന്ന പ്രധാന പാതയും നന്നാക്കേണ്ടതുണ്ട്. മണ്ഡലകാലം ആരംഭിക്കാൻ 23 ദിവസംമാത്രമാണ് ശേഷിക്കുന്നത്. പല റോഡുകളും നന്നാക്കിയെങ്കിലും മൂടിയില്ലാത്ത ഓടയും ഓടയ്ക്കായി എടുത്ത കുഴിയും പണി പകുതിയായിക്കിടക്കുന്ന റോഡുകളും അപകടത്തിന് വഴിതെളിക്കും. ചെറിയ റോഡുകൾ മിക്കതും ടാറിങ് ഇളകിയും കോൺക്രീറ്റ് അടർന്നും തകർന്നു കിടക്കുകയാണ്. തുമ്പമൺ ഭാഗത്ത് ഒരു വശത്തെ ടാറിങ് ഇടിഞ്ഞുതാഴുന്നുമുണ്ട്. പന്തളം-പത്തനംതിട്ട ശബരിമല പാതയുടെ ടാറിങ് പൂർത്തിയാക്കി തുറന്നുകൊടുത്തിട്ട് മൂന്നുവർഷം കഴിഞ്ഞിട്ടും ഓടയുടെ പണി ബാക്കിനിൽക്കുന്നു.
പഴയ ഓടയുടെ സ്ഥാനത്ത് വലിയ കുഴികളാണ് ഇപ്പോഴുള്ളത്. രണ്ടു വാഹനങ്ങൾക്ക് കടന്നുപോകാൻതക്ക വീതിമാത്രമുള്ള റോഡിൽ കാടുമൂടിക്കിടക്കുന്ന റോഡിനരികിലെ കുഴി തിരിച്ചറിയാൻകൂടി കഴിയുന്നില്ല. റോഡ് ഉയർത്തി അന്താരാഷ്ട്ര നിലവാരത്തിൽ ടാറിങ് നടത്തിയെങ്കിലും പിന്നീടുള്ള പുനരുദ്ധാരണപ്പണികളൊന്നും നടത്തിയിട്ടില്ല. തുമ്പമൺ മുട്ടം മുതൽ കടയ്ക്കാട് പാലം വരെയുള്ള റോഡ് ഉയർത്തിയഭാഗം താഴേക്കിരുത്തി റോഡ് വിണ്ടുകീറിയത് നന്നാക്കിയിട്ടില്ല. റോഡിന്റെ ഒരുഭാഗത്ത് മാത്രമാണ് വിള്ളലും താഴ്ചയുമുള്ളത്. കിഴക്കൻ മേഖലകളിൽനിന്ന് പാറയും ക്വാറി ഉത്പന്നങ്ങളും കയറ്റിവരുന്ന വാഹനങ്ങളുടെ നിരന്തര സഞ്ചാരമാകാം റോഡിന്റെ ഒരുഭാഗംമാത്രം ഇടിയാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. റോഡ് ഉയർത്തിയ ഭാഗത്ത് അരികിൽ ഓടയ്ക്ക് പദ്ധതിയുണ്ടായിരുന്നെങ്കിലും പലയിടത്തും ഇത് പണിയാതെയാണ് തുറന്നുകൊടുത്തത്. ഓടയില്ലാത്തതിനാൽ വെള്ളം കുത്തിയൊഴുകി തുമ്പമൺ കവലയ്ക്കു സമീപമുള്ള ഭാഗത്ത് റോഡിന്റെ അരിക് അടർന്നുപോയിട്ടുണ്ട്. ഇവിടെ വലിയ കുഴിയായി മാറി.