കോഴഞ്ചേരി : ചെറുകോല്‍ പഞ്ചായത്തിലെ ചാക്കപ്പാലം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴില്‍ പതിനൊന്നാം വാര്‍ഡായ കാട്ടൂര്‍ പേട്ടയില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് സബ് സെന്ററിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തം. 1987-ല്‍ കെ.കെ നായര്‍ എം.എല്‍.എ. ആയിരുന്ന കാലത്താണ് കാട്ടൂര്‍പേട്ടയില്‍ ഹെല്‍ത്ത് സബ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കുട്ടികള്‍ക്കുള്ള പൊളിയോ വാക്‌സിന്‍, മറ്റു പ്രതിരോധമരുന്നുകള്‍, ഗര്‍ഭിണികള്‍ക്കുള്ള അയണ്‍, ഫോളിക് ആസിഡ് മരുന്നുകള്‍, പ്രമേഹത്തിനുള്ള ഇന്‍സുലിന്‍ അടക്കമുള്ള മരുന്നുകളാണ് ഈ സബ് സെന്ററില്‍ നിന്ന് ലഭിച്ചിരുന്നത്. ഇത് പ്രദേശവാസികള്‍ക്ക് ഏറെ പ്രയോജനമായിരുന്നു. ആഴ്‌ചയില്‍ രണ്ടുദിവസം ഡോക്‌ടറുടെ സേവനവും മറ്റു ദിവസങ്ങളില്‍ നേഴ്‌സിന്റെയും ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടറുടെയും സേവനവും ലഭ്യമായിരുന്നു.
എന്നാല്‍ കാലപഴക്കം മൂലം ജീര്‍ണാവസ്ഥയിലായ കെട്ടിടത്തില്‍ സബ് സെന്റര്‍ പ്രവര്‍ത്തിക്കാന്‍ കഴിയിെല്ലന്ന സര്‍ക്കാര്‍ ഉത്തരവ് നിലവില്‍ വന്നതിനാല്‍ ആറു മാസമായി ഈ സബ് സെന്റര്‍ നാരങ്ങാനം പഞ്ചായത്തിന്റെ അതിര്‍ത്തി പ്രദേശത്തുള്ള ഒരു വാടകകെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ സെന്ററിലേക്ക് എത്താന്‍ പ്രദേശവാസികള്‍ വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. നാഷണല്‍ ഹെല്‍ത്ത് മിഷ്യന്റെ 2023-24 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഴയ കെട്ടിടം പൊളിച്ചുമാറ്റി കൂടുതല്‍ സൗകര്യത്തോടെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് അന്‍പതു ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ പദ്ധതി പ്രഖ്യാപിച്ച് എട്ടുമാസം കഴിഞ്ഞിട്ടും പഞ്ചായത്തിന്റെ അനാസ്ഥ കാരണം നിര്‍മാണം ആരംഭിച്ചിട്ടില്ല. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ 50 ലക്ഷം അനുവദിച്ചിട്ടും കാട്ടൂര്‍പേട്ടയിലെ ഹെല്‍ത്ത് സബ് സെന്ററിന് പുതിയ കെട്ടിടമില്ലാത്ത അവസ്ഥയ്‌ക്ക് കാരണം ആരോഗ്യ വകുപ്പിന്റെ പിടിപ്പുകേടാണെന്ന ആക്ഷേപം ശക്തമാണ്.