കുന്നന്താനം : മഠത്തിൽകാവ്–മാന്താനം റോഡ് ഉന്നത നിലവാരത്തിൽ പുനരുദ്ധരിക്കണമെന്ന ആവശ്യമുയരുന്നു. മഠത്തിൽകാവ്–മാന്താനം റോഡിന്റെ സമീപത്തുള്ള പുളിന്താനം–കുന്നന്താനം, നെടുങ്ങാടപ്പള്ളി–പാലയ്ക്കാത്തകിടി–ചെങ്ങരൂർ, കുന്നന്താനം–മാന്താനം എന്നീ റോഡുകൾ ബിഎം ബിസി നിലവാരത്തിൽ നവീകരിച്ച് വർഷങ്ങൾ പലതു കഴിഞ്ഞു. മഠത്തിൽകാവ്–മാന്താനം റോഡും ബിഎം ബിസി നിലവാരത്തിൽ ടാറിങ് നടത്തുമെന്നു പ്രഖ്യാപിച്ചിട്ടും വർഷങ്ങളായി. കഴിഞ്ഞ സർക്കാർ ബജറ്റിൽ 10 കോടി രൂപ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും നാളിതുവരെയായി പണികളൊന്നും തുടങ്ങിയിട്ടില്ല.
മാന്താനം മുതൽ മല്ലപ്പള്ളി മൂശാരിക്കവല വരെയുള്ള നവീകരണത്തിനാണ് പദ്ധതി തയാറാക്കിയിരുന്നത്. കുന്നന്താനം, കല്ലൂപ്പാറ, മല്ലപ്പള്ളി പഞ്ചായത്തുകളിൽകൂടി കടന്നുപോകുന്നതിനാൽ റോഡിന്റെ പ്രാധാന്യമേറെയാണ്. കുന്നന്താനം മൃഗാശുപത്രി, പഞ്ചായത്ത് സ്റ്റേഡിയം, ആയുർവേദ ഡിസ്പെൻസറി എന്നിവയും വിദ്യാഭ്യാസ സ്ഥാപനങ്ങളും റോഡിന്റെ സമീപത്തായി സ്ഥിതിചെയ്യുന്നുണ്ട്. സാധാരണ രീതിയിൽ ടാറിങ് നടത്തിയ റോഡാണിത്. മാസങ്ങൾക്കു മുൻപ് അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും പലയിടങ്ങളിലും ടാറിങ് ഇളകി കുഴികൾ രൂപപ്പെടാൻ തുടങ്ങിയിട്ടുണ്ട്.