കോന്നി : കോന്നി മെഡിക്കൽ കോളേജിൽ അസ്ഥിരോഗ വിഭാഗത്തിലും മറ്റും ചികിത്സക്ക് എത്തുന്ന രോഗികൾക്ക് എക്സ് റേ ഫിലിം പൊതിഞ്ഞു കൊടുക്കുന്നത് വെറും പേപ്പർ കഷ്ണത്തിൽ. എക്സ് റേ ഫിലിം സുരക്ഷിതമായി രോഗികളുടെ കയ്യിൽ ഏൽപ്പിക്കാൻ കവർ ലഭ്യമല്ല എന്നാണ് കോന്നി മെഡിക്കൽ കോളജ് എക്സ് റേ വിഭാഗം ജീവനക്കാരുടെ മറുപടി. കവർ നിർമ്മിക്കാൻ ഫണ്ടില്ലാത്തതാണ് ഇതിന് കാരണം എന്നാണ് ബന്ധപ്പെട്ട അധികൃതരുടെ മറുപടി. കുടുംബ ശ്രീ യൂണിറ്റുകളെ ആയിരുന്നു എക്സ് റേ ഫിലിമിന്റെ കവർ നിർമ്മിക്കാനായി ഏൽപ്പിച്ചിരുന്നത്. മെഡിക്കൽ കോളേജിന്റെ തുടക്ക സമയങ്ങളിൽ ഇത് ലഭ്യമാകുമായിരുന്നു എങ്കിൽ ഇപ്പോൾ മാസങ്ങളായി ഇത് ലഭിച്ചിട്ട്. ഇതുകൊണ്ട് തന്നെ ഗുരുതരമായ രോഗവുമായി വരുന്ന രോഗികൾ കയ്യിലെ പണം അടച്ച് എക്സ് റേ എടുത്ത ശേഷം വെറും പേപ്പറിൽ ഫിലിം പൊതിഞ്ഞു കൊണ്ടുപോകുന്ന കാഴ്ചയാണ് ദിവസവും കാണുന്നത്.
അസ്ഥി സംബന്ധമായ രോഗം ഉള്ളവർ ആണ് കൂടുതലും എക്സ് റേ എടുക്കുന്നത്. രോഗ വിവരം അറിയണമെങ്കിൽ ഡോക്ടർക്ക് എക്സ് റേ മാത്രമാണ് ആദ്യ പോംവഴി. എന്നാൽ പേപ്പറിൽ പൊതിഞ്ഞു നൽകുന്ന ഫിലിം ഒടിഞ്ഞു പോവുകയോ പൊട്ടൽ സംഭവിക്കുകയോ ചെയ്‌താൽ ഇത് നോക്കുന്ന ഡോക്ടറെ ആകെ ആശയകുഴപ്പത്തിൽ ആക്കും എന്നത് നിസംശയം പറയാം. കവറിന് 5 രൂപയും ഫിലിമിന് 50 രൂപയും ആകും ചിലവ് എന്നാണ് അറിയുന്നത്. ഫണ്ട് ലഭിക്കാതെ വന്നാൽ ചിലപ്പോൾ ഇനി മുതൽ കോന്നി മെഡിക്കൽ കോളേജിൽ എക്സ് റേ കവർ തന്നെ അപ്രത്യക്ഷമാകുവാനും സാധ്യത വേറെയാണ്.