കൊച്ചി : പലിശയും ഇല്ല, മുതലും ഇല്ല, പണയം വെച്ച പണ്ടവും കൈവിട്ടു പോകുകയാണ്. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിലാണ് നിക്ഷേപകര്‍ എല്ലാവരും ഈ രീതിയില്‍ ചതിക്കപ്പെട്ടത്. എന്നാല്‍ ഇതേ സാഹചര്യത്തിലേക്കാണ് കേരളത്തിലെ ഒട്ടുമിക്ക സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെയും ഇന്നത്തെ പോക്ക്. ചിലര്‍ സ്ഥാപനം അടച്ചുപൂട്ടുവാന്‍ ആലോചിക്കുമ്പോള്‍ മറ്റുചിലര്‍ തങ്ങളുടെ കമ്പിനിയും ശാഖകളും എല്ലാം കേരളത്തിനു പുറത്തുള്ള കമ്പിനികളുടെ തലയില്‍ എങ്ങനെയും കെട്ടിവെച്ച് തടിയൂരുവാനും ശ്രമം നടത്തുന്നു. ഓരോ ദിവസവും പ്രശ്നങ്ങള്‍ അതീവ സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ രാത്രി കഴിഞ്ഞ് നേരം വെളുക്കുമ്പോള്‍ സ്ഥാപനങ്ങള്‍ തുറന്നില്ലെങ്കില്‍ അതിലും അതിശയപ്പെടെണ്ടതില്ല. നിക്ഷേപവും പണയം വെച്ച സ്വര്‍ണ്ണവുമൊക്കെ നഷ്ടപ്പെടാം. ഇപ്പോള്‍ത്തന്നെ പലരും ഫോണ്‍ വിളിച്ചാല്‍ എടുക്കാതായി. ബ്രാഞ്ചിലെ ജീവനക്കാര്‍ മാത്രമാണ് നിക്ഷേപകര്‍ക്ക് ഉത്തരം നല്‍കുന്നത്.
നിക്ഷേപകരുടെ പണം മടക്കിനല്കുവാന്‍ പലരുടെയും കയ്യില്‍ കാശില്ല. എല്ലാം വകമാറ്റി ചെലവഴിക്കുകയോ ആഡംബര ജീവിതത്തിന് ചെലവഴിക്കുകയോ ചെയ്തിട്ടുണ്ടാകും. ഇടുക്കി ജില്ലയിലും തമിഴ്നാട്ടിലും ബിനാമി പേരുകളില്‍ ഏക്കറുകണക്കിന് തോട്ടങ്ങള്‍ പലരും വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. തങ്ങളുടെ പണമിടപാട് കമ്പിനി പൂട്ടിയാലും ജീവിക്കാനുള്ള സ്വത്തുക്കള്‍ ഇക്കൂട്ടര്‍ സുരക്ഷിതമാക്കിയിട്ടുണ്ട്. സമീപകാലത്ത് നടന്ന നിക്ഷേപ തട്ടിപ്പുകളില്‍ നിന്നുള്ള പാഠം ഉള്‍ക്കൊണ്ടുകൊണ്ടാണ് പലരുടെയും നീക്കം. കമ്പിനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും സ്ത്രീകളെ ഒഴിവാക്കുവാനും ചിലര്‍ നീക്കം നടത്തുന്നു. കേസില്‍ അകപ്പെട്ടാല്‍ കുടുംബമായി ജയിലില്‍ പോകുന്നത്, പ്രത്യേകിച്ച് സ്ത്രീകള്‍ ജയിലറക്കുള്ളില്‍ ആകുന്നത് ഒഴിവാക്കുകയാണ് ഇവരുടെ ലക്‌ഷ്യം.
കൂടുതല്‍ പലിശ മോഹിച്ചാണ് പലരും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ പണം നിക്ഷേപിക്കുന്നത്. ഇപ്പോള്‍ കൂടുതല്‍പേരും തങ്ങളുടെ നിക്ഷേപം കടപ്പത്രം / ഡിബഞ്ചര്‍ വഴിയാക്കി. എന്തോ വലിയ സുരക്ഷിതത്വം ഈ NCD നിക്ഷേപങ്ങള്‍ക്ക് ഉണ്ടെന്ന ധാരണ ജനങ്ങളില്‍ ഉണ്ടാക്കിയെടുക്കുന്നതില്‍ NBFC കള്‍ പൂര്‍ണ്ണമായി വിജയിച്ചിട്ടുണ്ട്. സിനിമാതാരങ്ങളെയും പ്രമുഖ വ്യക്തികളെയും ബ്രാന്‍ഡ് അംബാസിഡര്‍മാരാക്കി കോടികള്‍ ചെലവഴിച്ചുള്ള പരസ്യങ്ങള്‍ നിക്ഷേപകരെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. കേരളത്തിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ മിക്കതും വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. നിക്ഷേപകര്‍ക്ക് തിരികെ നല്‍കാന്‍ പണം ഇല്ലെങ്കിലും ലക്ഷങ്ങള്‍ നല്‍കിയുള്ള പരസ്യങ്ങള്‍ പത്രത്താളുകളിലുണ്ട്. തങ്ങളുടെ കമ്പിനി വന്‍ സെറ്റപ്പ് ആണെന്നും കോടികളുടെ ആസ്തി ഉണ്ടെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഈ പരസ്യത്തിന്റെ ഉദ്ദേശ്യം.
കാലാവധി കഴിഞ്ഞ നിക്ഷേപങ്ങള്‍ പലര്‍ക്കും മടക്കി നല്‍കാതെ കൂടുതല്‍ വാഗ്ദാനങ്ങളും പ്രലോഭനങ്ങളും നല്‍കി വീണ്ടും ഇവരെ നിക്ഷേപകരാക്കുന്ന തന്ത്രമാണ് മിക്ക സ്ഥാപനങ്ങളും സ്വീകരിച്ചിരിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ പുതിയ നിര്‍ദ്ദേശം അനുസരിച്ച് സ്വര്‍ണ്ണം പണയം വെക്കുന്നവര്‍ക്ക് ഇരുപതിനായിരം രൂപ വരെ മാത്രമേ കറന്‍സിയായി കൊടുക്കുവാന്‍ കഴിയൂ. അതില്‍ കൂടുതലാണ് പണയത്തുകയെങ്കില്‍ പണയം വെക്കുന്ന ആളിന്റെ ബാങ്ക് അക്കൌണ്ടിലേക്ക് നല്‍കണം. ഇതുമൂലം സ്വര്‍ണ്ണപ്പണയ ഇടപാടുകള്‍ ക്രമാതീതമായി കുറഞ്ഞു. ഇതോടെ നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പിനികള്‍ (NBFC) മിക്കതും വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
ഭീമമായ നഷ്ടം സഹിച്ചുകൊണ്ടാണ് ബ്രാഞ്ചുകള്‍ നടത്തിക്കൊണ്ടു പോകുന്നത്. മാസം 60000 മുതല്‍ ഒരു ലക്ഷം രൂപ വരെ ഉണ്ടെങ്കില്‍ മാത്രമേ ഒരു ബ്രാഞ്ച് നടത്തിക്കൊണ്ടു പോകുവാന്‍ കഴിയൂ. ദിവസം ഒരു സ്വര്‍ണ്ണപ്പണയം പോലും ലഭിക്കാത്ത ബ്രാഞ്ചുകളാണ് ഏറെയും. അഥവാ ഒന്നോ രണ്ടോ പണയം ലഭിച്ചാല്‍ പലിശയിനത്തില്‍ ലഭിക്കുന്ന തുക വളരെ തുശ്ചമായിരിക്കും. അത്ഭുതങ്ങള്‍ സംഭവിച്ചാലും ഈ വരുമാനം കൊണ്ട് ബ്രാഞ്ചുകള്‍ നടത്തിക്കൊണ്ടു പോകുവാന്‍ ഒരു കമ്പിനിക്കും കഴിയില്ല. ഏതാനും മാസങ്ങളായി കനത്ത നഷ്ടത്തിലാണ് പല സ്ഥാപനങ്ങളും. ഒന്നുകില്‍ ജനങ്ങളെ അറിയിച്ചുകൊണ്ട് നിക്ഷേപകരുടെ പണം മടക്കി നല്‍കിക്കൊണ്ട് ശാഖകള്‍ പൂട്ടുക, അല്ലെങ്കില്‍ മുങ്ങുക. ഇതില്‍ ഇതാണ് സ്ഥാപന ഉടമകള്‍ സ്വീകരിക്കുകയെന്നത് കാത്തിരുന്നു കാണാം. >>> തുടരും….
—
സാമ്പത്തിക തട്ടിപ്പുകളുടെ കൂടുതല്‍ വാര്‍ത്തകള്‍ വായിക്കുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://pathanamthittamedia.com/category/financial-scams