കോന്നി : പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ വെയ്റ്റിംഗ് ഷെഡിൽ യാത്രക്കാർക്ക് ഇരിക്കാൻ ബെഞ്ചുകൾ ഇല്ലാത്തത് വൃദ്ധർക്കും അംഗപരിമിതർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. കോന്നി ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡ് വർഷങ്ങളായി സ്വകാര്യ ബസ് സ്റ്റാൻഡായി ഉപയോഗിച്ചു വരികയായിരുന്നു.കോന്നിയിൽ കെ.എസ്.ആർ.ടി.സി ഡിപ്പോ അനുവദിച്ചതോടെ ഇത് കെ.എസ്.ആർ.ടി.സിയുടെ ഓപ്പറേറ്റിങ് സ്റ്റേഷനായി മാറ്റുകയായിരുന്നു. ബസ് സ്റ്റാൻഡിൽ വർഷങ്ങൾക്കു മുമ്പ് കോന്നി ലയൺസ് ക്ലബ് പണികഴിപ്പിച്ച വെയിറ്റിംഗ് ഷെഡ് മാത്രമാണ് ഇന്നും യാത്രക്കാർക്ക് ബസ് കാത്തുനിൽക്കാനുള്ളത്. ഈ വെയിറ്റിംഗ് ഷെഡിനുള്ളിൽ ബെഞ്ചുകൾ സ്ഥാപിച്ചിട്ടില്ലാത്തതിനാൽ വൃദ്ധരും അംഗപരിമിതരുമായ യാത്രക്കാരാണ് ബുദ്ധിമുട്ടുന്നത്.
ബെഞ്ചുകൾ ഇല്ലാത്തതിനാൽ പലരും തറയിലാണ് ഇരിക്കുന്നത്. നിരവധി യാത്രക്കാരാണ് ഇവിടെ ബസ് കാത്തു നിൽക്കുന്നത്. മലയോര മേഖലകളായ തണ്ണിത്തോട്, തേക്കുതോട്, കൊക്കാത്തോട്, മണ്ണീറ, കല്ലേലി, അതിരുങ്കൽ, അരുവാപ്പുലം, കോന്നി താഴം, മലയാലപ്പുഴ, കൂടൽ, കലഞ്ഞൂർ, വി കോട്ടയം, വെട്ടൂർ അട്ടച്ചാക്കൽ, അതുമ്പുംകുളം, കൊന്നപ്പാറ, പയ്യനാമൺ, ഐരവൺ, കുമ്മണ്ണൂർ, ആനകുത്തി, ചെങ്ങറ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നെല്ലാം എത്തുന്ന യാത്രക്കാർ പതിവായി ബസുകൾ കാത്തുനിൽക്കുന്ന വെയിറ്റിംഗ് ഷെഡ് ആണിത്. ഇവിടെ ബെഞ്ചുകൾ സ്ഥാപിക്കുവാൻ ഗ്രാമപഞ്ചായത്ത് മുൻകൈയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.