കോന്നി : കോടികൾ മുടക്കി നിർമ്മിച്ച കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാലിന്യ സംസ്കരണ സംവിധാനം ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ ഹോസ്റ്റൽ ഉൾപ്പെടെ പ്രവർത്തിക്കുന്ന സ്ഥലത്താണ് മാലിന്യം നിർമ്മാർജനം ചെയ്യുവാൻ സംവിധാനമില്ലാത്തത്. മെഡിക്കൽ കോളേജിന്റെയും ക്യാന്റീനിന്റെയും മാലിന്യങ്ങൾ പുറത്തുള്ള ഏജൻസികൾ കൊണ്ടുപോകുന്ന സംവിധാനം ആണ് ഇപ്പോഴുള്ളത്. എന്നാൽ പുറത്ത് നിന്ന് ആളുകൾ കൊണ്ടുവന്ന് മെഡിക്കൽ കോളേജ് പരിസരത്ത് തള്ളുന്ന മാലിന്യങ്ങൾ വർധിച്ചതോടെ തെരുവ്നായ ശല്യവും അതിരൂക്ഷമാണ്.
മെഡിക്കൽ കോളേജ് മാലിന്യങ്ങൾ സംസ്‍കരിക്കാൻ ഇടമില്ലാതെ വന്നതോടെ ആശുപത്രി പരിസരത്തു തന്നെ കുഴി എടുത്ത് അതിൽ ഇട്ട് കത്തിച്ചിരുന്നു. എന്നാൽ ഇത് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ കുഴി മൂടുകയും ചെയ്തു. കോടികൾ മുടക്കി നിർമ്മിച്ച കോന്നി മെഡിക്കൽ കോളേജിൽ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാത്തതിന് എതിരെ ജനങ്ങൾക്ക് വലിയ പ്രതിഷേധമുണ്ട്. മെഡിക്കൽ കോളേജ് പരിസരത്ത് ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ അഴുകുന്ന മലിന ജലം മറ്റ് ജലാശയങ്ങളിലേക്കും ഒഴുകി ഇറങ്ങുവാൻ സാധ്യത ഏറെയാണ്.
മെഡിക്കൽ കോളേജിലേക്ക് വരുന്ന റോഡിൽ പുറത്ത് നിന്ന് ആളുകൾ ചാക്കിൽ കെട്ടി മാലിന്യങ്ങൾ ഉപേക്ഷിക്കുന്ന സംഭവങ്ങളും അനവധിയാണ്. കഴിഞ്ഞ ദിവസം ഇവിടെ ആരോഗ്യ വിഭാഗം പരിശോധന നടത്തിയിരുന്നു. ഈ ഭാഗത്ത് വെളിച്ചക്കുറവ് ഉള്ളത് മാലിന്യം തള്ളുന്നവർക്ക് സൗകര്യം ഒരുക്കുന്നുണ്ട്. മഴക്കാലമായതോടെ മെഡിക്കൽ കോളേജ് പരിസരത്തു തള്ളുന്ന മാലിന്യങ്ങൾ രോഗങ്ങൾ പരത്തുന്നതിനും സാധ്യത ഏറെയാണ്. മാലിന്യങ്ങൾ ശരിയായ വിധം സംസ്കരിക്കുവാൻ അധികൃതർ തയ്യാറായില്ല എങ്കിൽ ചികിത്സ തേടി മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾ പുതിയ രോഗവുമായി മടങ്ങേണ്ടി വരും എന്ന് ഉറപ്പാണ്.