പാലക്കാട് : പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കിയില്ലെന്നതിന്റെ പേരില്‍ ഡോ. പി സരിന്‍ രാജിവെയ്ക്കുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് വി കെ ശ്രീകണ്ഠന്‍ എം പി. സരിന്‍ രാജിവെയ്ക്കുമെന്ന് കരുതുന്നില്ലെന്ന് ശ്രീകണ്ഠന്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ സരിന്‍ കോണ്‍ഗ്രസ് വിടുമെന്ന് കരുതുന്നില്ല. മത്സരിക്കാന്‍ ആഗ്രഹമുള്ളവര്‍ ഉണ്ടാകും. എന്നാല്‍ പാര്‍ട്ടി തീരുമാനമെടുത്താല്‍ അത് അംഗീകരിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. വ്യക്തിക്കല്ല പാര്‍ട്ടിക്കാണ് പ്രാധാന്യമെന്നും വി കെ ശ്രീകണ്ഠന്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പിന് ചില മാനദണ്ഡങ്ങളുണ്ടെന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞു.
അത് പരിഗണിക്കണം അതിന് പുറമേ വിജയ സാധ്യതകൂടി നോക്കണം. ഹൈക്കമാന്‍ഡ് ഒരു തീരുമാനമെടുത്താല്‍ അനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് ശരിയായ നടപടി. പാലക്കാട് കോണ്‍ഗ്രസില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ല. എല്ലാവരും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നതെന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനിടെ എല്ലാ നേതാക്കളുടേയും അഭിപ്രായം കേട്ടിട്ടുണ്ട്. പാര്‍ട്ടിയില്‍ യുവാക്കള്‍ക്ക് ആവശ്യമായ പരിഗണന നല്‍കിയിട്ടുണ്ട്. മാധ്യമങ്ങള്‍ വിചാരിച്ചാല്‍ പാളയത്തില്‍ പട ഉണ്ടാക്കാന്‍ കഴിയില്ലെന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞു. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി നേതാക്കള്‍ ഒന്നടങ്കം പ്രചാരണത്തിനിറങ്ങും. അതില്‍ അഭിപ്രായ വ്യത്യാസമില്ല. അങ്ങനെ പ്രചരിപ്പിക്കുന്നവര്‍ക്ക് ചില അജണ്ടയുണ്ട്. അത് ബിജെപിക്ക് വേണ്ടിയാണ്. സരിന്‍ മാധ്യമങ്ങളെ കാണുന്നത് ചിലപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ അറിയിക്കാനാകാമെന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞു.