എല്ലാ വീടുകളിലെയും പറമ്പിൽ വളരെ സുലഭമായി കണ്ടുവരുന്നതാണ് പപ്പായ. ഇത് കറിവെച്ചും തോരൻ വെച്ചും പലരും കഴിക്കാറുണ്ട്. ഇതിൻ്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പലർക്കുമറിയില്ല എന്നതാണ് സത്യം. പറമ്പിൽ നിൽക്കുന്ന പലതും നിരവധി ഔഷധ ഗുണങ്ങൾ നിറഞ്ഞ വിഭവങ്ങളാണ്. നമ്മുടെ പഴമക്കാർ പലതരം പ്രകൃതിദത്തമായ ഭക്ഷ്യവസ്തുക്കളും ഔഷധച്ചെടികളും പല രോഗങ്ങൾക്കും ഔഷധമായി നൽകിയിരുന്നു. വിവിധ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള ഔഷധമെന്ന നിലയിൽ പപ്പായക്ക് പല ഗുണങ്ങളുണ്ട്. പപ്പായ കഴിച്ചാൽ ലഭിക്കുന്ന ചില ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ദഹനം മെച്ചപ്പെടുത്താൻ ഏറെ നല്ലതാണ് പപ്പായ. പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ എന്ന എൻസൈം പ്രോട്ടീനുകളെ വിഘടിപ്പിച്ച് ദഹനത്തെ സുഗമമാക്കാൻ ഏറെ നല്ലതാണ്. ദഹന സംബന്ധമായ പ്രശ്നങ്ങൾ അല്ലെങ്കിൽ മലബന്ധം എന്നിവ അകറ്റുന്നതിന് പപ്പായ കഴിക്കാവുന്നതാണ്. പപ്പായയിൽ നാരുകളും വെള്ളവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും മലബന്ധം തടയാനും സുഗമമായ മലവിസർജ്ജനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. ശരീരഭാരം നിയന്ത്രിക്കുന്ന പല ഘടകങ്ങളും പപ്പായയിൽ അടങ്ങിയിട്ടുണ്ട്. പപ്പെയ്ൻ, ചിമോപാപ്പൈൻ എന്നീ ഘടകങ്ങൾ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവ നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുകയും നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ ആവശ്യമായ അളവിൽ പ്രോട്ടീനും കാർബോഹൈഡ്രേറ്റും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി നിങ്ങളുടെ ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു.