ശരീരത്തിന് ആവശ്യമായ ആദ്യത്തെ ഊര്‍ജ്ജം ലഭിക്കുന്നത് രാവിലെ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നാണ്. അതിന് ശേഷമാണ് ശരീരം ഊര്‍ജ്ജത്തോടെയും ആരോഗ്യത്തോടെയും മുന്നോട്ട് പോവുന്നത്. പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുത് എന്നാണ് വിദഗ്ദര്‍ പറയുന്നത്. പ്രഭാതഭക്ഷണത്തോടൊപ്പം കാപ്പി കുടിക്കുന്നവര്‍ ഏറെയാണ് ദിവസം മുഴുവന്‍ ഊര്‍ജം നല്‍കും എന്നു മാത്രമല്ല. നിരവധി ആരോഗ്യഗുണങ്ങളും കാപ്പിക്കുണ്ട്. എന്നാല്‍ ഭക്ഷണങ്ങളോടും കാപ്പിയോടും എല്ലാവരുടെയും ശരീരം വ്യത്യസ്ത തരത്തിലാവും പ്രതികരിക്കുന്നത്. കാപ്പിയോടൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം…..
* ബ്രേക്ക്ഫാസ്റ്റ് സെറീയല്‍സ് – സാധാരണ ബ്രേക്ക്ഫാസ്റ്റ് സെറീയലുകള്‍ പാലില്‍ ചേര്‍ത്താണ് കഴിക്കുന്നത്. കാപ്പി ഇഷ്ടപ്പെടുന്നവര്‍ ഈ ഭക്ഷണത്തോടൊപ്പം കാപ്പിയും കുടിക്കും. മിക്ക സെറീയലുകളും വിറ്റമിനുകളും സിങ്ക് പോലുള്ള ധാതുക്കളും അടങ്ങിയതാവും. ഇത് കാപ്പിയോടൊപ്പം ഉപയോഗിക്കാനേ പാടില്ല. രണ്ടും ഒരേ സമയം കഴിക്കാതെ വ്യത്യസ്ത സമയങ്ങളില്‍ കഴിക്കാന്‍ ശ്രദ്ധിക്കാം.
* ഓറഞ്ച് – പ്രഭാതഭക്ഷണമായും വൈകുന്നേരത്തെ ലഘുഭക്ഷണമായും പഴങ്ങള്‍ കഴിക്കുന്നവര്‍ ധാരാളമായുണ്ട്. ഇതിനൊപ്പം കാപ്പിയും കുടിക്കും. എന്നാല്‍ അമ്ലഗുണമുള്ള കാപ്പിയോടൊപ്പം നാരക ഫലങ്ങളായ ഓറഞ്ചോ ഗ്രേപ്പ് ഫ്രൂട്ടോ ഒക്കെ കഴിക്കുമ്പോള്‍ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാകാം. നാരക ഫലങ്ങളും കാപ്പിയെപ്പോലെ അമ്ല (acidic) ഗുണമുള്ളതായതിനാല്‍ അത് ഗുരുതരമായ ഗ്യാസ്‌ട്രോ ഈസോഫാഗല്‍ റിഫ്‌ലക്‌സ് ഡിസീസ് അഥവാ GERD യ്ക്ക് കാരണമാകും. ഓക്കാനം, വയറു കമ്പിക്കല്‍, നെഞ്ചെരിച്ചില്‍ എന്നിവ ഇതുമൂലം ഉണ്ടാകും. ആദ്യം പഴങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. അതിനുശേഷം കുറെ സമയം കഴിഞ്ഞു മാത്രം കാപ്പി കുടിക്കുക.
* പാല്‍ – കാപ്പി ഉന്മേഷം നല്‍കും. പാല്‍ ചേര്‍ത്ത കാപ്പി ആണ് നാം കുടിക്കുന്നതും. പാലില്‍ കാല്‍സ്യം ധാരാളം ഉണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിനും പേശികളുടെ പ്രവര്‍ത്തനത്തിനും ഹോര്‍മോണ്‍ ഉല്‍പാദനം, രക്തം കട്ടപിടിക്കല്‍ എന്നിവയ്ക്കും സഹായകമാണ്. എന്നാല്‍ പാലില്‍ കാപ്പി ചേര്‍ക്കുമ്പോള്‍ അത് പോഷകങ്ങളുടെ ആഗിരണം 20 ശതമാനം കുറയ്ക്കുന്നു. ശരീരം ആഗിരണം ചെയ്യപ്പെടാത്ത കാല്‍സ്യം, മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നു. ഇത് വൃക്കയില്‍ കല്ലിനും എല്ലു സംബന്ധമായ മറ്റ് രോഗങ്ങള്‍ക്കും കാരണമാകും.
* വറുത്ത ഭക്ഷണങ്ങള്‍ – അനാരോഗ്യകരമായ ജങ്ക് ഫുഡുകളും വറുത്ത ഭക്ഷണങ്ങളും കാപ്പിയോടൊപ്പം കഴിക്കുന്നത് ഡിസ്ലിപ്പിഡെമിയയ്ക്കു കാരണമാകും. രക്തത്തില്‍ കൂടിയ അളവില്‍ കൊഴുപ്പ് അടിയുന്ന അവസ്ഥയാണിത്. കാപ്പി കൂടിയ അളവില്‍ കുടിക്കുന്നത് ആരോഗ്യത്തിന് നന്നല്ല. കാപ്പിയോടൊപ്പം ഫ്രൈഡ് ചിക്കന്‍, പനീര്‍ ഇവ കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കൂട്ടും. ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത കൂട്ടും.
* റെഡ്മീറ്റ് – ഇരുമ്പിന്റെ ഉറവിടമായ റെഡ്മീറ്റിനൊപ്പം കാപ്പി കുടിക്കാന്‍ പാടില്ല. ഇത് പോഷകങ്ങളുടെ ആഗിരണത്തെ ബാധിക്കും. ദിവസം മൂന്നോ അതിലധികമോ കപ്പ് കാപ്പി കുടിക്കുന്നത് ഇരുമ്പിന്റെ അളവിനെ കുറയ്ക്കും. രക്തചംക്രമണം വര്‍ധിപ്പിക്കാനും ഹോര്‍മോണുകളുടെ ഉല്‍പാദനത്തിനു രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാനും ശരീരത്തില്‍ ഇരുമ്പ് ആവശ്യമാണ്. ഇരുമ്പിന്റെ അഭാവം ശരീരത്തിനു ദോഷം ചെയ്യും. അതുകൊണ്ട് രാവിലെ കാപ്പിയോടൊപ്പം പ്രോട്ടീന്‍ ധാരാളമായടങ്ങിയ ഭക്ഷണം കഴിക്കാം.