രക്തം ധമനികളുടെ ഭിത്തികളില്‍ ചെലുത്തുന്ന മര്‍ദ്ദമാണ് രക്തസമ്മര്‍ദം. ഹൃദ്രോഗം, വൃക്കരോഗം, പക്ഷാഘാതം എന്നിവയിലേക്ക് നയിക്കാന്‍ ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് സാധിക്കും. 120/80 mmHg ആണ് സാധാരണ രക്തസമ്മര്‍ദ്ദ തോത്. ഭക്ഷണത്തിലെ വ്യതിനായങ്ങള്‍ മൂലം ചെറുപ്പക്കാരില്‍ പോലും ഇന്ന് രക്തസമ്മര്‍ദം ഉയരുന്നുണ്ട്. 18 വയസ്സിന് മുകളിലുള്ളവര്‍ ഇടയ്ക്കിടെ രക്തസമ്മര്‍ദം പരിശോധിച്ച് സാധാരണ തോതിലാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഉയര്‍ന്ന രക്തസമ്മര്‍ദം മൂലം ഉണ്ടാകാവുന്ന മുഖ്യമായ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് അറിയാം….
* പെരിഫറല്‍ ആര്‍ട്ടറി ഡിസീസ് – ഉയര്‍ന്ന രക്തസമ്മര്‍ദം പെരിഫെറല്‍ ആര്‍ട്ടറി ഡിസീസിനും കാരണമാകും. ഇത് കാലുകളിലേക്കുള്ള രക്തയോട്ടം ഗണ്യമായി കുറച്ച് പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം.
* ഹൃദ്രോഗം – ഉയര്‍ന്ന രക്തസമ്മര്‍ദം ഹൃദയത്തിലെ രക്തധമനികളെ നശിപ്പിക്കുന്നത് ഹൃദയാഘാതത്തിനും ഹൃദയസ്തംഭനത്തിനും മറ്റ് ഹൃദ്രോഗപ്രശ്‌നങ്ങള്‍ക്കുമുള്ള സാധ്യത വര്‍ധിപ്പിക്കും.
* അവയവ നാശം – തലച്ചോര്‍, ഹൃദയം, വൃക്കകള്‍, രക്തധമനികള്‍ ഉള്‍പ്പെടെ ശരീരത്തിലെ പല അവയവങ്ങളുടെയും നാശത്തിനും ദീര്‍ഘകാലത്തെ ഉയര്‍ന്ന രക്തസമ്മര്‍ദം കാരണമാകും.
* പക്ഷാഘാതം – തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ക്കും രക്തസമ്മര്‍ദം നാശം വരുത്താമെന്നതിനാല്‍ പക്ഷാഘാതത്തിനുള്ള സാധ്യതയും ഇത് വര്‍ധിപ്പിക്കും. മരണത്തിനും സ്ഥിരമായ വൈകല്യത്തിനും പക്ഷാഘാതം കാരണമാകാം.
* മേധാശക്തി ക്ഷയം – മേധാശക്തി ക്ഷയത്തിനും മറവി രോഗം ഉള്‍പ്പെടെയുള്ള പ്രശ്‌നത്തിനും പിന്നിലെ പ്രധാന കാരണങ്ങളില്‍ ഒന്നും ഉയര്‍ന്ന രക്തസമ്മര്‍ദമാണ്.
* വൃക്കനാശം – വൃക്കകളുടെ പ്രവര്‍ത്തനത്തെയും രക്തസമ്മര്‍ദം താളം തെറ്റിക്കാം. ക്രോണിക് കിഡ്‌നി ഡിസീസ് പോലുള്ള കുഴപ്പങ്ങള്‍ ഇത് മൂലം ഉണ്ടാകാം.
* ലൈംഗിക തകരാര്‍ – പുരുഷന്മാരിലെ ലൈംഗിക ഉദ്ധാരണശേഷിക്കുറവ്, സ്ത്രീകളിലെ ഉത്തേജനക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കാരണമാകാം. ലൈംഗിക അവയവങ്ങളിലേക്കുള്ള രക്തയോട്ടം കുറയുന്നതിനെ തുടര്‍ന്നാണ് ഈ പ്രശ്‌നങ്ങള്‍ സംഭവിക്കുന്നത്.
* കണ്ണുകളുടെ ആരോഗ്യം – കണ്ണുകള്‍ക്കുള്ളിലെ രക്തധമനികള്‍ക്ക് നാശം വരുത്താനും രക്താതിസമ്മര്‍ദത്തിന് സാധിക്കും. ഇത് കാഴ്ച നഷ്ടത്തിലേക്ക് നയിക്കാം.