ആഗസ്റ്റ് മാസം ഓട്ടോമോട്ടീവ് വിപണിയിൽ നിരവധി ലോഞ്ചുകളാണ് നടക്കാൻ പോകുന്നത്. എസ്‌യുവികൾ (SUVs) വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഏറെ പ്രതീക്ഷയുള്ള മാസമാണ് ആഗസ്റ്റ്. ടാറ്റ, ഹ്യുണ്ടായ് എന്നിവയുടെ പുതിയ എസ്‌യുവികൾക്കൊപ്പം പ്രീമിയം വാഹന നിർമ്മാതാക്കളായ ഓഡി, മേഴ്സിഡസ്, വോൾവോ തുടങ്ങിയ ബ്രാന്റുകളുടെയും എസ്‌യുവികൾ ആഗസ്റ്റ് മാസത്തിൽ പുറത്തിറങ്ങും. ഈ വാഹനങ്ങളും അവയുടെ സവിശേഷതകളും വിശദമായി നോക്കാം.
ടാറ്റ പഞ്ച് സിഎൻജി ഈ വർഷം ആദ്യം നടന്ന ഓട്ടോ എക്‌സ്‌പോയിൽ വച്ച് ആൾട്രോസ് സിഎൻജിയ്‌ക്കൊപ്പം അവതരിപ്പിച്ചു. ഇതിൽ ടാറ്റ പഞ്ച് സിഎൻജി ആഗസ്റ്റ് മാസത്തിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്തിടെ പുറത്തിറക്കിയ ഹ്യുണ്ടായ് എക്‌സ്‌റ്ററുമായി മത്സരിക്കുന്നതിനായിട്ടാണ് ടാറ്റ പഞ്ച് സിഎൻജി വരുന്നത്. സിഎൻജി മോഡിൽ ഏകദേശം 73.5 പിഎസ് പവർ നൽകുന്ന 1.2 ലിറ്റർ എൻഎ പെട്രോൾ എഞ്ചിനാണ് ഈ വാഹനത്തിലുള്ളത്. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമേ വാഹനം ലഭ്യമാകൂ. ഹ്യുണ്ടായ് ക്രെറ്റയുടെ പുതിയ പതിപ്പ് 2024ന്റെ ആദ്യ പകുതിയിലാണ് അവതരിപ്പിക്കുന്നത്. എന്നാൽ ആഗസ്റ്റ് മാസത്തിൽ ഈ എസ്‌യുവിയുടെ പുതിയ സ്പെഷ്യൽ എഡിഷൻ കമ്പനി പുറത്തിറക്കും. അഡ്വഞ്ചർ എഡിഷൻ എന്നായിരിക്കും ഈ മോഡലിന്റെ പേര്. അകത്തും പുറത്തും മെച്ചപ്പെടുത്തലുകളോടെയാകും ഈ വാഹനം പുറത്തിറങ്ങുക. എക്സ്റ്ററിലൂടെ അവതരിപ്പിച്ച റേഞ്ചർ കാക്കി കളർ സ്കീമും വാഹനത്തിന് ലഭിക്കും. ക്യാബിനിൽ ചെറിയ അപ്ഹോൾസ്റ്ററി മാറ്റങ്ങൾ വരുത്തിയേക്കാം. സമാനമായ രീതിയിൽ ഹ്യുണ്ടായ് അൽകാസറിനും അഡ്വഞ്ചർ എഡിഷൻ ലഭിക്കും.
അടുത്തിടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ഓഡി ക്യു8 ഇ-ട്രോൺ മോഡലിന്റെ വില ഓഗസ്റ്റ് 18ന് പ്രഖ്യാപിക്കും. രണ്ട് ബോഡി ടൈപ്പുകളിൽ ഈ വാഹനം ലഭ്യമാകും. മുൻതലമുറ മോഡലിനെക്കാൾ കൂടുതൽ ഫീച്ചറുകൾ അകത്തും പുറത്തും ചേർത്തിട്ടാണ് വാഹനം പുറത്തിറങ്ങുന്നത്. 600 കിലോമീറ്റർ വരെ റേഞ്ച് നൽകുന്ന ഈ ഇലക്ട്രിക്ക് വാഹനം 95 kWh, 114 kWh ബാറ്ററി പാക്ക് ഓപ്ഷനുകളിലായിരിക്കും ലഭ്യമാകുന്നത്. പ്രീമിയം ഇലക്ട്രിക്ക് എസ്‌യുവി വാങ്ങുന്നവർക്ക് മികച്ച ചോയിസായിരിക്കും ഈ വാഹനം.
മേഴ്സിഡസ് ബെൻസ് എന്ന പ്രീമിയം വാഹന നിർമ്മാതാക്കളുടെ ഏറ്റവും പുതിയ മോഡൽ ജിഎൽസി ആഗസ്റ്റ് മാസത്തിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ് കമ്പനി. 2023 ഓഗസ്റ്റ് 9ന് മെഴ്‌സിഡസ് ബെൻസ് ഇന്ത്യ പുതിയ തലമുറ ജിഎൽസി ഇന്ത്യയിൽ അവതരിപ്പിക്കും. 48V സ്റ്റാർട്ടർ മോട്ടോർ ഉപയോഗിക്കുന്ന 2023 മേഴ്സിഡസ് ബെൻസ് ജിഎൽസി പെട്രോൾ, ഡീസൽ മോഡലുകളിൽ വിൽപ്പനയ്ക്കെത്തും. ഇന്റീരിയറിനും എക്സ്റ്റീരിയറിനും നിരവധി മാറ്റങ്ങളോടെയായിരിക്കും പുതിയ ജിഎൽസി പുറത്തിറങ്ങുന്നത്.
ആഗസ്റ്റ് മാസത്തിൽ വോൾവോ മറ്റൊരു ഇലക്ട്രിക് വാഹനം കൂടി ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. വോൾവോ സി40 റീചാർജ് എന്ന പുതിയ വാഹനത്തിന് കമ്പനിയുടെ വലിയ വാഹനമായ എക്സ്സി40 റീചാർജുമായി നിരവധി സാമ്യതകളുണ്ട്, സിഎംഎ പ്ലാറ്റ്‌ഫോമിലാണ് വോൾവോ സി40 റീചാർജ് നിർമ്മിക്കുന്നത്. 408 എച്ച്‌പി പവറും 660 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയുന്ന ഡ്യൂവൽ ഇലക്ട്രിക് മോട്ടോർ സെറ്റപ്പാണ് ഈ വാഹനത്തിലുള്ളത്. കാറിലുള്ള 78 kWh ബാറ്ററി പാക്ക് ഒറ്റ ചാർജിൽ 500 കിലോമീറ്ററിലധികം റേഞ്ച് നൽകും.