കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ഡ്രാക്കുള സുരേഷ് പോലീസിന്റെ കണ്ണുവെട്ടിച്ച് മുങ്ങി. പെരുമ്പാവൂരില്‍ മോഷണക്കേസില്‍ പിടിയിലായ ഇയാള്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ പ്രവേശിക്കും മുമ്പാണ് രക്ഷപ്പെട്ടത്. കൊവിഡ് ഫലം വരുന്നതുവരെ പ്രതികളെ താമസിപ്പിക്കുന്ന കറുകുറ്റിയിലെ കേന്ദ്രത്തില്‍ നിന്നാണ് ഇയാള്‍ പോലീസിനെ പറ്റിച്ച് രക്ഷപ്പെട്ടത്.
പകല്‍ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. പട്ടാപ്പകല്‍ വീടുകളില്‍ കയറി മോഷണം നടത്തിയതും കടകളില്‍ നിന്ന് പണം ബലമായി തട്ടിയെടുത്തതും ഉള്‍പ്പെടെ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാള്‍. പല തവണ ജയിലിലായിട്ടുള്ള ഇയാള്‍ പുറത്തിറങ്ങിയാല്‍ മോഷണം നടത്തുന്നതാണ് രീതി.
ജൂണില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് ഇയാള്‍ മോഷണം നടത്തിയതിന് പിടിയിലായിരുന്നു. അന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാള്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് രക്ഷപ്പെടുത്തിയത്.
പെരുമ്പാവൂരില്‍ ഒരു വീട്ടില്‍ മോഷണം നടത്തിയ സംഭവത്തില്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇയാള്‍ക്കായി അന്വേഷണം പുരോഗമിക്കുന്നതായി പെരുമ്പാവൂര്‍ പോലീസ് പറഞ്ഞു.