താനെ: വീണ്ടും ആള്‍ക്കൂട്ടകൊലപാതകം, വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ചു കടന്നു കളയാന്‍ ശ്രമിച്ച കള്ളനെ നാട്ടുകാര്‍ തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ താനെയില്‍ വീടുകള്‍ കുത്തിത്തുറന്ന് മോഷ്ടിച്ച ഉരുപ്പടികളുമായി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കള്ളന്മാരില് ഒരാളെയാണ് നാട്ടുകാര്‍ തല്ലിക്കൊന്നത്. ഗുജറാത്തിലെ പഞ്ച്മഹല്‍ സ്വദേശിയായ ദിനേശ് മവി(40) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ കൂടെയുണ്ടായിരുന്ന ആളുടെ നില ഗുരുതരമാണ്. താനെ ജില്ലയിലെ ഖാതിവാല് ഗ്രാമത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നിനാണു സംഭവം. കൊലക്കുറ്റത്തിനും കലാപത്തിന് ആഹ്വാനം ചെയ്തതിനും എട്ടുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു.
എന്നാല്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മതില് കടന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച മാവിയേയും കൂട്ടാളിയേയും കല്ലിനും ചുടുകട്ടയ്ക്കും എറിഞ്ഞു വീഴ്ത്തുകയായിരുന്നു. മര്‍ദനമേറ്റ് അവശരായ ഇരുവരെയും സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ദിനേശ് മവി മരിച്ചു. കൂട്ടാളി അപകടനില തരണം ചെയ്തിട്ടില്ല.