തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ പ്രവർത്തകരുടെ സമരത്തിൽ മൂന്നാം ഘട്ട മന്ത്രിതല ചർച്ച അൽപസമയത്തിനകം ആരംഭിക്കും. ഓണറേറിയം വർധന, ഇൻസെന്റീവിന്റെ മാനദണ്ഡങ്ങൾ പിൻവലിക്കൽ, വിരമിക്കൽ ആനുകൂല്യങ്ങൾ ഉൾപ്പെടെ ഏഴ് ആവശ്യങ്ങളാണ് ആശമാർ ഉന്നയിക്കുന്നത്. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷനെ കൂടാതെ ട്രേഡ് യൂണിയൻ നേതാക്കളെയും ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മരണം വരെ സമരം തുടരുമെന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ പറഞ്ഞു. എത്ര പെരുമഴയും പൊരിവെയിലും കൊണ്ടാലും എന്തൊക്കെ യാതനകൾ സഹിക്കേണ്ടിവന്നാലും ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ട ശേഷമേ തിരിച്ചുപോവൂ എന്നും അവർ വ്യക്തമാക്കി.
നാല് പേരാണ് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുക്കുക. വി കെ സദാനന്ദൻ, എം.എ ബിന്ദു, എസ്. മിനി, കെ.പി റോസമ്മ എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുക. ഓണറേറിയം വർധന ആവശ്യപ്പെടില്ലെന്ന നിലപാടിലാണ് സിഐടിയു ഉള്ളത്. പിന്തുണ പ്രഖ്യാപിച്ചിട്ടും ഐഎൻടിയുസി നേതാക്കൾ ഇതുവരെ സമരപ്പന്തലിൽ എത്തിയിട്ടില്ല. സംസ്ഥാന അധ്യക്ഷൻ ആർ. ചന്ദ്രശേഖരൻ ചർച്ചയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സമരത്തിന്റെ 53ാം ദിവസമാണ് മൂന്നാംഘട്ട ചർച്ച നടക്കുന്നത്. ഓണറേറിയം 21000 രൂപയായി വർധിപ്പിക്കുക, അത് എല്ലാ മാസവും അഞ്ചാം തിയതിക്ക് മുമ്പായി ലഭ്യമാക്കുക, ഇൻസെന്റീവിന്റെ മാനദണ്ഡങ്ങൾ പിൻവലിക്കുക, പെൻഷൻ ഏർപ്പെടുത്തുക, വിരമിക്കൽ പ്രായം 65 ആക്കുക, വിരമിക്കുന്ന സമയം അഞ്ച് ലക്ഷം രൂപ നൽകുക, സമരക്കാർക്കെതിരായ കേസുകൾ പിൻവലിക്കുക എന്നിങ്ങനെ ഏഴ് ആവശ്യങ്ങളാണ് ആശമാർ ഉന്നയിക്കുന്നത്.