കാലടി : തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ശ്രീപാർവതീദേവിയുടെ നട തുറന്നു. വർഷത്തിൽ 12 ദിവസം മാത്രം ദേവീദർശനം ലഭിക്കുന്ന ഉത്സവത്തിനായി ഞായറാഴ്ച രാത്രി എട്ടിനാണ് നടതുറന്നത്. കോവിഡ് മാനദണ്ഡങ്ങൾ പ്രകാരമുള്ള നിയന്ത്രണങ്ങളോടെ നടന്ന നടതുറപ്പ് ദർശനത്തിന് നൂറുകണക്കിന് ഭക്തർ എത്തിയിരുന്നു. വൈകിട്ട് അഞ്ചോടെ അകവൂർമനയിലെ പുരാതനമായ ക്ഷേത്രത്തിൽനിന്ന് ചടങ്ങുകൾ ആരംഭിച്ചു. ദേവിയുടെ നടയിൽ തെളിക്കാനുള്ള ദീപം ക്ഷേത്രത്തിലെ കെടാവിളക്കിൽനിന്ന് അകവൂർ ശങ്കരൻ നമ്പൂതിരിപ്പാട് രഥത്തിലേക്ക് പകർന്നുനൽകി. ദേവിക്ക് ചാർത്താനുള്ള തിരുവാഭരണങ്ങൾ അകവൂർമനയിലെ കാരണവരായ കൃഷ്ണൻ നമ്പൂതിരിപ്പാട്, നീരജ് കൃഷ്ണ എന്നിവരിൽനിന്ന് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട്, സെക്രട്ടറി കെ.എ പ്രസൂൺകുമാർ, മാനേജർ എം.കെ കലാധരൻ എന്നിവർ സ്വീകരിച്ചു.
തുടർന്ന്, വാദ്യമേളങ്ങളോടെ പുറപ്പെട്ട വർണാഭമായ ഘോഷയാത്ര ഏഴരയോടെ ക്ഷേത്രത്തിൽ പ്രവേശിച്ചു. മേൽശാന്തി ദീപവും തിരുവാഭരണവും ശ്രീകോവിലേക്ക് ഏറ്റുവാങ്ങി. തുടർന്ന്, നടതുറപ്പിനുള്ള ചടങ്ങുകൾ ആരംഭിച്ചു. ക്ഷേത്ര ഊരാഴ്മ പ്രതിനിധികളും സമുദായം തിരുമേനിയും ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികളും ശ്രീപാർവതീദേവിയുടെ പ്രിയതോഴിയായി സങ്കല്പിക്കപ്പെടുന്ന ‘പുഷ്പിണി’യും നടയിലെത്തി. വിളിച്ചുചോദിച്ചുള്ള ചടങ്ങുകൾ പൂർത്തിയാക്കി ‘നടതുറന്നാലും’ എന്ന് പുഷ്പിണി അറിയിച്ചതോടെ, മേൽശാന്തി പാർവതീദേവിയുടെ തിരുനട തുറന്നു. ദീപാരാധനയ്ക്കുശേഷം ദേവിയെ പാട്ടുപുരയിലേക്ക് ആനയിച്ചിരുത്തി.
തുടർന്ന് ദേവിയുടെ നടയിൽ, വ്രതംനോറ്റ മങ്കമാർ തിരുവാതിരപ്പാട്ടുപാടി ചുവടുവച്ചു. രാത്രി മുഴുവൻ പാട്ടുപുരയിൽ ‘ബ്രാഹ്മണിപ്പാട്ട്’ പാടി പുഷ്പിണി കൂട്ടിരുന്നു. നടതുറപ്പിന്റെ 12 നാളുകളിലും ശ്രീകോവിൽ രാത്രി തുറന്നിരിക്കും. പുലർച്ചെ ദർശനത്തിന് മുന്നോടിയായി ദേവിയെ ശ്രീകോവിലിലേക്ക് തിരിച്ച് എഴുന്നള്ളിക്കും. 30 വരെയാണ് ഉത്സവം. രാവിലെ 4 മുതൽ ഉച്ചയ്ക്ക് 1.30 വരേയും ഉച്ചയ്ക്ക് 2 മുതൽ 9 വരേയുമാണ് ദർശനം.18 വയസ്സിനു മുകളിലുള്ളവർ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.