പന്തളം: ഭക്തിസാന്ദ്രമാായ അന്തരീക്ഷത്തില്‍ മകരസംക്രമ സന്ധ്യയില്‍ ശബരിഗിരീശനു ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പന്തളത്തുനിന്നും പുറപ്പെട്ടു. ശരണം വിളികള്‍ അലയടിച്ചുയര്‍ന്ന ഭക്തിയുടെ പാരമ്യത്തില്‍ പ്രകൃതിയും ലയിച്ചു ചേര്‍ന്നപ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടുതന്നെ ആചാരപരമായ എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കിയാണ് ഘോഷയാത്ര പുറപ്പെട്ടത്.
കൊട്ടാരം കുടുംബാംഗങ്ങള്‍ക്ക് ആശൂലമായതിനാല്‍ ഈ വര്‍ഷം രാജപ്രതിനിധിയില്ലാതെയാണ് ഘോഷയാത്ര പുറപ്പെട്ടത്. 10.30 ഓടെ ഗുരു സ്വാമിയും തിരുവാഭരണ പേടക സംഘത്തെയും മേടകല്ലില്‍ നിന്നും കര്‍പ്പൂരാദികളോടെ സ്വീകരിച്ചു. രാജപ്രതിനിധിക്കു പകരം ഗുരുസ്വാമിയാണ് സംഘാംഗങ്ങളെ മാലയിട്ട് അനുഗ്രഹിക്കുക. രാവിലെ 11നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു, കെ.എസ്. രവി എന്നിവരുടെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മ്മ, പി.എന്‍. നാരായണ വര്‍മ്മ എന്നിവരില്‍ നിന്നും തിരുവാഭരണങ്ങള്‍ ഏറ്റുവാങ്ങി. ഗുരുസ്വാമിയുടെ നേതൃത്വത്തില്‍ തിരുവാഭരണങ്ങള്‍ ക്ഷേത്രത്തിലെത്തിച്ചു. ആചാര വിധിപ്രകാരം ശ്രീകോവിലിനു മുമ്ബില്‍ തിരുവാഭരണ പേടകം തുറന്നു വച്ചു.
12.45ന് ക്ഷേത്രമേല്‍ശാന്തി പടിഞ്ഞാറേമഠം മഹേഷ് കുമാര്‍ പോറ്റി പേടകവാഹക സംഘാംഗങ്ങള്‍ക്കു മാലകള്‍ പൂജിച്ചുനല്കി. 12.55നു മേല്‍ശാന്തി പേടകത്തിനു നീരാഞ്ജനമുഴിഞ്ഞ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. ക്ഷേത്രത്തിനു മുകളില്‍ കൃഷ്ണപ്പരുന്തു വട്ടമിട്ടു പറന്നതോടെ ആകാശത്ത് ഉദിച്ചുയര്‍ന്ന നക്ഷത്രത്തെ സാക്ഷിയാക്കി 1 മണിക്ക് ഗുരുസ്വാമി കുളത്തിനാലില്‍ ഗംഗാധരന്‍ പിള്ള തിരുവാഭരണങ്ങളടങ്ങിയ പേടകം ശിരസ്സിലേറ്റി ക്ഷേത്രത്തില്‍നിന്നും പുറത്തെത്തി ഘോഷയാത്ര പുറപ്പെട്ടു. കലശക്കുടവും വെള്ളിയാഭരണങ്ങളും അടങ്ങിയ കലശപ്പെട്ടിയുമായി മരുതമന ശിവന്‍പിള്ളയും ജീവിതയും കൊടിയും അടങ്ങിയ കൊടിപ്പെട്ടിയുമായി കിഴക്കേത്തോട്ടത്തില്‍ പ്രതാപചന്ദ്രന്‍ നായരും അനുഗമിച്ചു. ദേവസ്വം അധികൃതരും ഘോഷയാത്രയ്‌ക്കൊപ്പം യാത്രതിരിച്ചു. പത്തനംതിട്ട എ.ആര്‍. ക്യാമ്ബിലെ അസി. കമന്‍ ഡാന്റ് പി.പി. സന്തോഷ് കുമാറിന്‍്റെ നേതൃത്വത്തിലുള്ള 42 അംഗ സായുധ പോലീസ് സംഘം സുരക്ഷയൊരുക്കി ഘോഷയാത്രയെ അനുഗമിച്ചു.
പന്തളം നഗരസഭാദ്ധ്യക്ഷ സുശീല സന്തോഷ്, കൗണ്‍സിലര്‍മാര്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായ പ്രയാര്‍ ഗോപാലകൃഷ്ണന്‍, കെ. പത്മകുമാര്‍, ദേവസ്വം കമ്മീഷണര്‍ ബി.എസ്. തിരുമേനി, ഡെപ്യൂട്ടി കമ്മീഷണര്‍മാരായ വി. കൃഷ്കുമാര്‍ വാര്യര്‍, തിരുവാഭരണം കമ്മീഷണര്‍ ടി.കെ. അജിത് പ്രസാദ്, ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി പി.ബി. രാജീവ്, ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷന്‍ ആര്‍.വി. ബാബു, തിരുവാഭരണ പാത സംരക്ഷണ സമിതി രക്ഷാധികാരി മാലേത്ത് സരളാദേവി, പ്രസിഡന്‍്റ് അഡ്വ. കെ.വി. ഹരിദാസ് എന്നീ പ്രമുഖരും ഘോഷയാത്രാ സംഘത്തെ യാത്രയയ്ക്കാന്‍ എത്തിയിരുന്നു.