പന്തളം : മണ്ഡലപൂജയ്ക്കുശേഷം അടച്ചിട്ടിരുന്ന ശബരിമല നട തുറന്നതോടെ പന്തളത്ത് തിരുവാഭരണ ദർശനവും പുനരാരംഭിച്ചു. ആഭരണങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്രാമ്പിക്കൽ കൊട്ടാരം ചൊവ്വാഴ്ച രാവിലെയാണ് തുറന്നത്. പന്തളത്തുനിന്ന് തിരുവാഭരണഘോഷയാത്ര പുറപ്പെടാൻ ഇനി 12 ദിവസമാണുള്ളത്. ഘോഷയാത്രയ്ക്കുമുമ്പ് സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിതമുറിയിൽ സൂക്ഷിച്ചിരിക്കുന്ന അയ്യപ്പന്റെ തിരുവാഭരണങ്ങൾ കണ്ടുതൊഴാനും അന്നദാനത്തിൽ പങ്കുകൊള്ളാനും ക്ഷേത്രദർശനത്തിനുമാണ് തീർഥാടകർ പന്തളത്തേക്കെത്തുന്നത്. വർഷത്തിൽ മൂന്നുതവണ മാത്രമാണ് ആഭരണദർശനം സാധ്യമാകുന്നത്. വൃശ്ചികമാസം ശബരിമല നട തുറക്കുന്ന കാലയളവിലും അയ്യപ്പന്റെ പിറന്നാളായ കുഭമാസത്തിലെ ഉത്രത്തിനും വിഷുവിനുമാണ് ആഭരണം കണ്ടുതൊഴാൻ സൗകര്യം ലഭിക്കുക.
മറുനാട്ടുകാരായ ഭക്തരിലധികവും ശബരിമല യാത്രാവേളയിലാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തുക. ജനുവരി 11 വരെയാണ് കൊട്ടാരത്തിൽ ദർശന സൗകര്യമുണ്ടാകുക. ഘോഷയാത്രാദിവസമായ 12-ന് പുലർച്ചെ 5.30 മുതൽ 12 വരെ ക്ഷേത്രശ്രീകോവിലിനു മുൻവശത്താണ് ആഭരണങ്ങൾ തുറന്നുവെയ്ക്കുന്നത്. ഉച്ചയ്ക്ക് ഒരുമണിക്ക് ഘോഷയാത്ര പന്തളം വലിയകോയിക്കൽ ധർമശാസ്താക്ഷേത്രത്തിൽനിന്ന് പുറപ്പെടും. രാജപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട രാജരാജവർമ ഇനിയുള്ള ദിവസങ്ങളിൽ തിരുവാഭരണ ദർശനത്തിനെത്തുന്ന ഭക്തരെ ഭസ്മം നൽകി അനുഗ്രഹിക്കും. കൊട്ടാരം നിർവാഹകസംഘത്തിന്റെ സംഭാരവിതരണവും പാലസ് വെൽഫെയർ സൊസൈറ്റിയുടെ സായാഹ്ന ഭക്ഷണവിതരണവും ഉണ്ടാകും. മണികണ്ഠനാൽത്തറയിലും അയ്യപ്പസേവാസമാജത്തിന്റെ സേവാകേന്ദ്രത്തിലും ജനുവരി 11 വരെ അന്നദാനം ഉണ്ടാകും.