തിരുവല്ല : ലോക്ഡൗണില്‍ ഭക്ഷണം ഇല്ലാതെ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് കൈത്താങ്ങായി തിരുവല്ല നഗരസഭ. ലോക്ക് ഡൗണ്‍ സാഹചര്യത്തിലാണ് ഭക്ഷണമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസമായി നഗരസഭയുടെ ആഭിമുഖ്യത്തില്‍ സൗജന്യ ഭക്ഷണ വിതരണം കുടുംബശ്രീ ജനകീയ ഹോട്ടലുകളിലൂടെ ആരംഭിച്ചത്. എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു ജനകീയ ഹോട്ടലുകളിലൂടെയാണ് നഗരപരിധിയില്‍ താമസിക്കുന്ന ഏറ്റവും അര്‍ഹരായവര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്നത്. വാര്‍ഡ്തല സമിതികളും വാര്‍ഡ് കൗണ്‍സിലര്‍മാരും ചേര്‍ന്നു കണ്ടെത്തിയവര്‍ക്കാണ് ഭക്ഷണം നല്‍കുന്നത്.
പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ജനകീയ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സൗജന്യ ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയകുമാര്‍ നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയര്‍മാന്‍ ജിജി വട്ടശ്ശേരിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ ഫിലിപ്പ് ജോര്‍ജ്, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റ ചെയര്‍പേഴ്‌സണ്‍ അനു ജോര്‍ജ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജാ കരിമ്പിന്‍കാല, കൗണ്‍സിലര്‍മാരായിട്ടുള്ള ജാസ് നാലില്‍ പോത്തന്‍, അനു സോമന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സമില്‍ ബാബു, നോഡല്‍ ഓഫീസര്‍ അജിത്.എസ്, ഈസ്റ്റ് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ രമണി സുരേഷ് എന്നിവര്‍ പങ്കെടുത്തു.
വീട്ടില്‍ ഭക്ഷണം പാകം ചെയ്യാന്‍ കഴിയാത്ത തീരെ അവശരായവരും ഒറ്റയ്ക്ക് കഴിയുന്നവരുമായിട്ടുള്ളവര്‍, വീട്ടിലെ എല്ലാ അംഗങ്ങളും കോവിഡ് പോസിറ്റീവ് ആയവരും നിരീക്ഷണത്തില്‍ കഴിയുന്നതുമായ ഭക്ഷണം പാകം ചെയ്യാന്‍ കഴിയാത്തവര്‍, തെരുവില്‍ അലഞ്ഞു തിരിയുന്നവര്‍, യാചകര്‍ എന്നിവര്‍ക്കാണ് നഗരസഭ സൗജന്യ ഭക്ഷണം നല്‍കുന്നത്. കുടുംബശ്രീ ഈസ്റ്റ് സി.ഡി.എസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ജനകീയ ഹോട്ടല്‍, വെസ്റ്റ് സി.ഡി.എസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൃപാഞ്ജന ജനകീയ ഹോട്ടല്‍ എന്നീ യൂണിറ്റുകളാണ് ഭക്ഷണം തയ്യാറാക്കുന്നത്. എല്ലാ വാര്‍ഡുകളിലേക്കും സൗജന്യ ഭക്ഷണ വിതരണം ആരംഭിക്കുമെന്നും നഗരസഭ പരിധിയില്‍ ഭക്ഷണം ഇല്ലാതെ ഒരാളും ബുദ്ധിമുട്ടനുഭവിക്കാന്‍ പാടില്ലായെന്നുള്ളതാണു നഗരസഭയുടെ ലക്ഷ്യമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
വാര്‍ഡ് കൗണ്‍സിലര്‍മാര്‍ തെരഞ്ഞെടുത്തിട്ടുള്ള വോളന്റീയര്‍മാര്‍ ആണ് ജനകീയ ഹോട്ടലില്‍ നിന്നും ഭക്ഷണം ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നത്. എല്ലാ ദിവസവും മൂന്നു നേരവും ഭക്ഷണം വിതരണം ചെയ്യും. ലോക്ക് ഡൗണില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും മറ്റു ആവശ്യക്കാര്‍ക്കും മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ 25 രൂപ നിരക്കില്‍ ജനകീയ ഹോട്ടലുകളില്‍ നിന്നും നേരിട്ട് ഭക്ഷണം ലഭിക്കും.
102 കിടക്കളോടെ സിഎഫ്എല്‍ടിസിയും ആരംഭിച്ചു
കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗികള്‍ക്ക് ആവശ്യമായ പരിചരണം ഉറപ്പാക്കുന്നതിന് വേണ്ടി തിരുവല്ല നഗരസഭയുടെ നേതൃത്വത്തില്‍ 102 കിടക്കളുടെ സൗകര്യത്തോടെ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രം(സിഎഫ്എല്‍ടിസി) മാര്‍ത്തോമ്മാ കോളേജ് പഴയ ലേഡീസ് ഹോസ്റ്റലില്‍ മാത്യു ടി തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് ചെയര്‍മാന്‍, സ്റ്റാന്റിംഗ് കമ്മിറ്റ ചെയര്‍മാന്മാര്‍, കൗണ്‍സിലര്‍മാര്‍, നഗരസഭ സെക്രട്ടറി, മറ്റുദ്യോഗസ്ഥര്‍, മാര്‍ത്തോമ്മാ കോളേജ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് 15 ലക്ഷം രൂപയുടെ പത്തിനം സാധനങ്ങള്‍ വാങ്ങും
കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുള്ള വാര്‍ഡുകളില്‍ തിരുവല്ല നഗരസഭയുടെ നേതൃത്വത്തില്‍ മുഴുവന്‍ സമയ അനൗണ്‍സ്മെന്റ്, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യവകുപ്പ്, പോലീസ് എന്നിവരുടെ സഹായത്തോടെയുള്ള ഇടപെടലുകള്‍ നടത്തിവരുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് വാര്‍ഡുകളില്‍ വിതരണം ചെയ്യുന്നതിനാവശ്യമായ പള്‍സ് ഓക്‌സിമീറ്റര്‍, പൗണ്‍ സ്‌പ്രേയര്‍, പി.പി.ഇ.കിറ്റ്, സാനിറ്റൈസര്‍, സോഡിയം ഹൈപ്പോക്ലോറൈഡ്, സര്‍ജിക്കല്‍ മാസ്‌ക്, ഗ്ലൗസ്, ബോട്ടില്‍, എന്‍95 മാസ്‌ക്, ലോഷന്‍ എന്നിങ്ങനെ പതിനഞ്ചു ലക്ഷം രൂപയുടെ പത്തിനം സാധനങ്ങള്‍ വാങ്ങുന്നതിന് അടിയന്തര കൗണ്‍സില്‍ യോഗം അനുമതിയായിട്ടുണ്ട്.