തിരുവല്ല : തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി സൂപ്രണ്ട് ഡോ.സാംസൺ കോശി സാം മതിയായ യോഗ്യതകളില്ലാതെ കുട്ടികളെ ചികില്‍സിച്ചതായി ആരോപണം. കഴിഞ്ഞ അഞ്ചുവര്‍ഷം ആയിരക്കണക്കിന് കുട്ടികളെ ചികിത്സിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും ലഭിച്ച എം.ബി.ബി.എസ് ബിരുദം മാത്രം വെച്ച് പീഡിയാട്രീഷ്യന്‍ എന്ന നിലയിലാണ് പിഞ്ചു കുഞ്ഞുങ്ങളെ ചികില്‍സിച്ചത്.
വിദേശത്തുനിന്നും ഡിപ്ലോമ നേടിയിട്ടുണ്ടെന്നും എന്നാല്‍ ഇന്ത്യയില്‍ ഇതിന് സാധുതയില്ലെന്നും ആശുപത്രി അഡ്മിനിസ്ട്രെറ്റര്‍ പത്തനംതിട്ട മീഡിയായോട് പറഞ്ഞു. എന്നാല്‍ യോഗ്യതയില്ലെന്ന് അറിഞ്ഞുകൊണ്ട് പിഞ്ചു കുഞ്ഞുങ്ങളെ ചികിത്സിക്കാന്‍ അനുവദിച്ചത് ഗുരുതരമായ വീഴ്ച്ചയല്ലേ എന്ന ചോദ്യത്തിന് ഇവര്‍ ഉത്തരം തന്നില്ല. ഫോണിലും വാട്സപ്പിലും പലപ്രാവശ്യം ബന്ധപ്പെട്ടെങ്കിലും ഡോ.സാംസൺ കോശി സാം പ്രതികരിച്ചില്ല.
ആശുപത്രി മാനേജ്മെന്റ് അറിഞ്ഞുകൊണ്ടുള്ള നടപടിയായെ ഇതിനെ കാണുവാന്‍ കഴിയു. ഏറെ പ്രശസ്തമായ തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ വെബ്സൈറ്റിലും മറ്റ് പ്രചാരണ മാധ്യമങ്ങളിലും ഡോ.സാംസൺ കോശി സാം പീഡിയാട്രീഷ്യന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മതിയായ യോഗ്യതയില്ലെന്ന വിവരം പുറത്തായതോടെ ഇദ്ദേഹം കുട്ടികളെ ചികിത്സിക്കുന്നത് നിര്‍ത്തി. ആശുപത്രി സൂപ്രണ്ട് എന്ന നിലയില്‍ ഓഫീസ് കാര്യങ്ങളിലേക്ക് നീങ്ങി. എന്നാല്‍ ഇതിനോടകം ആയിരക്കണക്കിന് പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് ചികിത്സ നല്കിക്കഴിഞ്ഞിരുന്നു.
തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ചില ജീവനക്കാരെ കഴിഞ്ഞനാളുകളില്‍ പിരിച്ചുവിട്ടിരുന്നു. ഇതിനു പിന്നില്‍ ആശുപത്രി സൂപ്രണ്ട് ഡോ.സാംസൺ കോശിയുടെ നടപടികളായിരുന്നു. പതിറ്റാണ്ടുകളായി ഇവിടെ ജോലി ചെയ്തിരുന്നവര്‍ പുറത്തായതോടെ ആശുപത്രിയുടെ പ്രവര്‍ത്തനവും താളംതെറ്റി. തിരുവല്ല മെഡിക്കല്‍ മിഷനില്‍ നിന്നും പുറത്തുപോയവര്‍ ചെങ്ങന്നൂരിനു സമീപമുള്ള പുതിയ സ്വകാര്യ ആശുപത്രിയില്‍ കയറി. ഇതോടെ ഇവര്‍ ചികിത്സിച്ചിരുന്നവരും ആശുപത്രി മാറി.
അടുത്തനാളില്‍ ആശുപത്രി സൂപ്രണ്ടുമായി തെറ്റിപ്പിരിഞ്ഞ ഒരു ഡോക്ടര്‍ ആണ് ഡോ.സാംസൺ കോശി സാമിന് മതിയായ യോഗ്യതയില്ലതെയാണ് കുട്ടികളെ ചികില്‍സിക്കുന്നതെന്ന വിവരം പുറത്തുകൊണ്ടുവന്നത്. തര്‍ക്കവും പിരിച്ചുവിടലും ഉണ്ടായിരുന്നില്ലെങ്കില്‍ ഈ വിവരം ഒരിക്കലും പുറത്തുവരില്ലായിരുന്നു. ജനങ്ങള്‍ ഇക്കാര്യം അറിയുകയും ഇല്ലായിരുന്നു. ആശുപത്രി അധികൃതര്‍ വ്യക്തമായ മറുപടി നല്‍കാത്തത് കൂടുതല്‍ ദുരൂഹത ഉണ്ടാക്കുന്നു. വാര്‍ത്ത പുറത്തായതോടെ പലരും ഫോണ്‍ എടുക്കാതെയായി.
മിക്ക ആശുപത്രികളും ഇന്ന് കച്ചവട സ്ഥാപനങ്ങളായി മാറുകയാണ്. ജീവനക്കാരെ നിയമിക്കുമ്പോള്‍ യോഗ്യതയും പ്രവര്‍ത്തി പരിചയവും ആരും നോക്കാറില്ല. കുറഞ്ഞ വേതനത്തില്‍ ജോലിചെയ്യുന്നവരെയാണ് നിയമിക്കുക. പത്തനംതിട്ട മല്ലശ്ശേരി സ്വദേശിയും പരേതനായ പി.കെ സാമിന്റെ മകനുമാണ് ഡോ.സാംസണ്‍ കോശി. മുമ്പ് മല്ലശ്ശേരിയില്‍ ഒരു സ്വകാര്യ ആശുപത്രിയും നടത്തിയിരുന്നു.