തിരുവല്ല : ഒഡീഷ സ്വദേശിയുമായി കഞ്ചാവ് കൈമാറ്റഇടപാടില്‍ ഏര്‍പ്പെട്ടയാളെ തിരുവല്ല പോലീസ് പിടികൂടി. ഒഡീഷ സ്വദേശിയായ അജിത്ത് ചിഞ്ചണി (27)യില്‍ നിന്നും 14 കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസില്‍ ഇയാളുമായി കഞ്ചാവിന്റെ കൈമാറ്റ ഇടപാടില്‍ ഏര്‍പ്പെട്ട ഇരവിപേരൂര്‍ വള്ളംകുളം കോഴിമല അനു ഭവന്‍ വീട്ടില്‍ സിപ്ലി എന്ന സുധീഷ് (40) ആണ് അറസ്റ്റിലായത്. ചങ്ങനാശ്ശേരി ഭാഗത്തു നിന്നാണ് ഇയാളെ തിരുവല്ല പോലീസ് കസ്റ്റഡിയിലെടുത്തത്. 2019 ല്‍ തിരുവല്ല പോലീസ് രജിസ്റ്റര്‍ ചെയ്ത മോഷണക്കേസിലും കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസിലും ഇയാള്‍ പ്രതിയാണ്.
തിരുവല്ല-കാട്ടൂക്കര റോഡില്‍ കെഎസ്ആര്‍ടിസിക്ക് സമീപം വെച്ചാണ് ഒഡീഷ സ്വദേശിയെ 14 കിലോയിലധികം കഞ്ചാവുമായി ഡാന്‍സാഫ് സംഘവും തിരുവല്ല പോലീസും ചേര്‍ന്ന് പിടികൂടിയത്. രണ്ട് ബാഗുകളിലായി മാസ്‌കിങ് ടേപ്പ് ചുറ്റി ഒളിപ്പിച്ച നിലയില്‍ ഏഴു പൊതികളായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ദിവസങ്ങളായി ഇയാള്‍ ഡാന്‍സാഫിന്റെ നിരീക്ഷണത്തിലായിരുന്നു. തിരുവല്ലയില്‍ ഉള്ള ഒരാള്‍ക്ക് വില്‍പ്പനക്കായി കൊണ്ടുവന്നതാണെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.