തിരുവല്ല : രാമപുരം മാർക്കറ്റിൽ പച്ചക്കറിയുമായി എത്തിയ പിക്കപ്പ് വാൻ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തിരുവല്ല രാമപുരം പച്ചക്കറി മാർക്കറ്റും മണിപ്പുഴയിലെ വഴിയോര പച്ചക്കറി കച്ചവട കേന്ദ്രവും അടപ്പിച്ചു. സ്ഥാപന ഉടമകളും ജീവനക്കാരുമായ 12 പേരെ നിരീക്ഷണത്തിലാക്കി. പിക്കപ്പ് വാനിൽ നിന്നും പച്ചക്കറി ഇറക്കിയ ലോഡിംഗ് തൊഴിലാളികളേയും നിരീക്ഷണത്തിലാക്കും.
കമ്പത്ത് നിന്നും പച്ചക്കറി കൊണ്ടുവന്ന പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ കമ്പം കൂടല്ലൂർ സ്വദേശിയായ 22 കാരന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പച്ചക്കറി മാർക്കറ്റ് ഉൾപ്പടെയുള്ള കടകൾ അധികൃതർ അടപ്പിച്ചത്. കഴിഞ്ഞ രണ്ടാം തീയതിയാണ് ഇയാൾ കമ്പത്തു നിന്നും പച്ചക്കറിയുമായി തിരുവല്ലയില്‍ എത്തിയത്. ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ രണ്ടാം തീയതി രാമപുരം മാർക്കറ്റിൽ അടക്കം നടത്തിയ പരിശോധനയിൽ ഇയാളുടെ സ്രവവും പരിശോധനയ്ക്ക് എടുത്തിരുന്നു. ഇന്ന് ഇയാളുടെ സ്രവ പരിശേധനാ ഫലം ലഭിച്ചതോടെയാണ് കോവിഡ് സ്ഥിരീകരിക്കപ്പെട്ടത്. രാമപുരം മാർക്കറ്റിലെ മൂന്ന് കടകളിലും മണിപ്പുഴയിലെ താൽക്കാലിക കച്ചവട കേന്ദ്രത്തിലെ രണ്ട് കടകളിലേക്കുമാണ് ഇയാൾ പച്ചക്കറികൾ എത്തിച്ചത്. ഇയാളുടെ റൂട്ട് മാപ്പ് കൂടി തയാറാക്കിയാൽ മാത്രമേ വ്യാപനത്തിന്റെ തോത് എത്രമാത്രം ഉണ്ടാകുമെന്ന് പറയാൻ സാധിക്കു എന്നാണ് ആരോഗ്യ വിഭാഗം അധികൃതർ പറയുന്നത്.