പത്തനംതിട്ട : നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവല്ല മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ജോസഫ് ഗ്രൂപ്പില്‍ തമ്മിലടി തുടങ്ങി. നേരത്തേ മൂന്നു വട്ടം തമ്മിലടിച്ച് മാത്യു ടി തോമസിന് ഈസി വാക്കോവര്‍ തരപ്പെടുത്തിയ വിക്ടര്‍ ടി തോമസും ജോസഫ് എം പുതുശേരിയുമാണ് സീറ്റിനായി ചരട് വലിക്കുന്നത്.
തുടര്‍ച്ചയായി മൂന്നു തവണ ഈ സീറ്റിനായി മത്സരം നടന്നു. രണ്ടു തവണ വിക്ടറും ഒരു തവണ പുതുശേരിയും മത്സരിച്ചു. പരസ്പരം കുതികാല്‍ വെട്ടിയതിനാല്‍ മാത്യു ടി തോമസ് സീറ്റും കൊണ്ടു പോയി. രണ്ടു ടേമില്‍ മന്ത്രിയാവുകയും ചെയ്തു. ഇക്കുറിയും ചരിത്രം മാറുന്നില്ല. തിരുവല്ലയും റാന്നിയും കോണ്‍ഗ്രസുമായി വെച്ചു മാറുമെന്ന് ഊഹാപോഹങ്ങള്‍ ഉയര്‍ന്നെങ്കിലും സ്ഥിതി പഴയതു തന്നെ. തിരുവല്ല കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് തന്നെയെന്ന് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു.
തിരുവല്ല സീറ്റില്‍ മത്സരിക്കുവാന്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി.തോമസ്, മുന്‍ എം.എല്‍.എ ജോസഫ് എം.പുതുശ്ശേരി, മല്ലപ്പള്ളി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുകോശി പോള്‍, അഡ്വ. മനോജ് മാത്യു എന്നിവരാണ് ലിസ്റ്റില്‍.
എന്‍എം രാജുവിനെ ജില്ലാ പ്രസിഡന്റാക്കിയതിന് പിന്നാലെയാണ് കെഎം മാണിയുടെ വിശ്വസ്തനായിരുന്ന വിക്ടര്‍ ടി തോമസ് പിജെയുമായി അടുത്തത്. പാര്‍ട്ടി പിളരുമെന്നും അങ്ങനെ വരുമ്പോള്‍ തിരുവല്ല സീറ്റ് തനിക്ക് ലഭിക്കുമെന്നും വിക്ടറിന് നന്നായി അറിയാമായിരുന്നു. വ്യവസായം മാത്രം അറിയാവുന്ന എന്‍എം രാജു കേരളാ കോണ്‍ഗ്രസ്(എം) ജില്ലാ പ്രസിഡന്റ് സ്ഥാനം വാങ്ങി എടുത്തതു പോലും എംഎല്‍എ സ്ഥാനം സ്വപ്നം കണ്ടായിരുന്നു. ജില്ലയിലുള്ള ഏക സീറ്റ് രാജു കൊണ്ടു പോയാല്‍ പിന്നെ തങ്ങള്‍ എന്തിന് നില്‍ക്കണമെന്ന ചിന്താഗതിയായിരുന്നു വിക്ടറിനും പുതുശേരിക്കും.
ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പേ എന്ന് പറയുന്നതു പോലെ കേരളാ കോണ്‍ഗ്രസ് പിളരുന്നതിന് മുമ്പ് തന്നെ വിക്ടര്‍ ജോസഫ് പക്ഷത്തേക്ക് മാറി. പാര്‍ട്ടി പിളര്‍ന്നപ്പോഴും പുതുശേരി ജോസ് കെ മാണിക്കൊപ്പം നിന്നു. തനിക്ക് പരിഗണന കിട്ടുമെന്ന വിശ്വാസത്തിലായിരുന്നു അത്. എന്നാല്‍ എന്‍എം രാജു എന്ന കോടീശ്വരന് മുന്നില്‍ തനിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് വന്നതോടെ പുതുശേരിയും ജോസഫ് ഗ്രൂപ്പിലേക്ക് ചെന്നു. ഇതോടെ വിക്ടര്‍-പുതുശേരി പോര് മൗനമായി നടന്നു പോന്നു. ഇരുവരും തിരുവല്ല നോട്ടമിട്ടതോടെയാണ് ജോസഫ് മൂന്നാമതൊരാളെ കളത്തിലിറക്കാന്‍ ചിന്തിച്ചത്. എക്കാലവും തനിക്കൊപ്പം നിന്ന കുഞ്ഞുകോശി പോളിനെ പരിഗണിക്കുന്നത് അങ്ങനെയാണ്.
എന്നാല്‍ തിരുവല്ല സീറ്റില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടാണ് വിക്ടര്‍ ടി.തോമസിന്. നിലവില്‍ യു.ഡി.എഫ് പത്തനംതിട്ട ജില്ലാ ചെയര്‍മാനാണ്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ്സും മറ്റു ഘടക കക്ഷികളും വിക്ടറിന് പിന്തുണ നല്‍കും. വിജയസാധ്യതയും ഏറ്റവും കൂടുതല്‍ വിക്ടറിനാണ്. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ മാണി കോണ്‍ഗ്രസുമായുള്ള ഏറെനാളത്തെ ആത്മാര്‍ഥ ബന്ധം മുറിച്ചെറിഞ്ഞിട്ടാണ് വിക്ടര്‍ പി.ജെ ജോസഫിന്റെ ജില്ലാ പ്രസിഡന്റ് ആയത്. ആ വിക്ടറിനെ തഴഞ്ഞാല്‍ അത് നന്ദികേടാകുമെന്ന് പി.ജെ ജോസഫിനും വ്യക്തമായി അറിയാം. തന്നെയുമല്ല വിക്ടറിനെ തഴഞ്ഞാല്‍ കോണ്‍ഗ്രസില്‍ നിന്നും അനിഷ്ടങ്ങള്‍ നേരിടേണ്ടിവരുകയും ചെയ്യും. പുതുശ്ശേരി മുന്‍പ് എം.എല്‍.എ ആയിരുന്നിട്ടുണ്ട്. എന്നാല്‍ വര്‍ഷങ്ങളോളം പാര്‍ട്ടിക്കുവേണ്ടി ചോരയും നീരുമൊഴുക്കിയിട്ടും വിക്ടര്‍ ടി തോമസിന് ഒന്നുമാകാന്‍ കഴിഞ്ഞില്ല. ഇത് അണികളും സമ്മതിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പാര്‍ട്ടി വളര്‍ത്താന്‍ ഓടിനടന്നിട്ടുള്ള വിക്ടറിനെ തിരുവല്ലയില്‍ സ്ഥാനാര്‍ഥിയാക്കണം എന്നാണ് യു.ഡി.എഫ് പ്രവര്‍ത്തകരുടെയും നിലപാട്.