തിരുവല്ല : ടികെ റോഡിൽ തിരുവല്ല ഭാഗത്തെ നവീകരണ ജോലികൾക്ക് തുടക്കം. തിരുവല്ല മുതൽ വള്ളംകുളം പാലം വരെയും അവിടെനിന്ന് കോഴഞ്ചേരി പാലം വരെയും രണ്ട് റീച്ചുകളിലായാണ് പണി നടത്തുന്നത്. ആദ്യ റീച്ചിന് 4.3 കോടി രൂപയും രണ്ടാം റീച്ചിന് 7.2 കോടി രൂപയുമാണ് അനുവദിച്ചത്.
ഉപരിതല ടാറിങ്ങാണ് നവീകരണത്തിന്റെ ഭാഗമായി നടത്തുന്നത്. നിലവിലുള്ള ടാറിങ്ങിന്റെ മുകളിൽ ബിസി ടാറിങ് നടത്തും. ആദ്യ റീച്ചിൽ രണ്ടിടത്ത് കലുങ്ക് പൊളിച്ചുപണിയും. മഞ്ഞാടി ജോസീസ് കവലയിൽ പുഷ്പഗിരി റോഡ് തിരിയുന്ന ഭാഗത്തെ കലുങ്ക് പണി ചൊവ്വാഴ്ച തുടങ്ങി.
റോഡിന്റെ വടക്കേഭാഗം മധ്യവരവരെ തുരന്നു. ഇവിടെ പഴയകലുങ്കിന്റെ അവശിഷ്ടങ്ങൾ നീക്കി പുതിയത് പണിയും. വാഹനഗതാഗതം ഒറ്റവരിയായാണ് കടത്തിവിടുന്നത്. മഞ്ഞാടി ഇവാൻജലിക്കൽ പള്ളിയുടെ മുന്നിലുളള പഴയകലുങ്കും പൊളിച്ചുപണിയും. തിരുവല്ല വൈഎംസിഎയ്ക്ക് സമീപം 200 മീറ്റർ ദൂരം ഓട പണിയും. തീപ്പനി റെയിൽവേ മേൽപ്പാലത്തിന് താഴെ ടികെ റോഡിൽ 50 മീറ്റർ ഭാഗത്ത് ഇട്ടിരിക്കുന്ന തറയോട് നീക്കി ടാർചെയ്യും. ഈ ജോലികൾ പൂർത്തിയാക്കിയശേഷമാകും ഉപരിതല ടാറിങ്.