പത്തനംതിട്ട : തിരുവല്ല വേങ്ങൽ പാടശേഖരത്തിലെ നെൽകൃഷി ഒരുക്കങ്ങൾക്ക് തുടക്കമായി. 175 ഹെക്ടറുള്ള പാടശേഖരത്തിലെ വെള്ളം വറ്റിക്കുന്നതിനുള്ള പമ്പിങ് ജോലികളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.
അടുത്ത ദിവസങ്ങളിലായി ട്രാക്ടർ ഉപയോഗിച്ച് നിലമുഴുന്ന പണി തുടങ്ങും. നവംബർ രണ്ടാം വാരത്തോടെ വിത്ത് വിതയ്ക്കുന്നത് ആരംഭിക്കും. രണ്ടുതാൽക്കാലിക മോട്ടോർ തറകളിലൂടെയാണ് പാടശേഖരത്തിലെ വെള്ളം വറ്റിക്കുന്നത്. ഇവ രണ്ടും ഒരേസമയത്ത് പ്രവർത്തിച്ചെങ്കിൽ മാത്രമേ വെള്ളം വറ്റിച്ചെടുക്കാൻ സാധിക്കുകയുള്ളൂ.
വെള്ളപ്പൊക്ക കാലത്ത് ബണ്ടിൻെറ ഒരുവശം മുറിച്ച് സമീപത്തെ തോട്ടിലേക്ക് വെള്ളം ഒഴുക്കിവിട്ടാണ് വെള്ളം നിയന്ത്രിക്കാറുള്ളത്. സ്ഥിരമായുള്ള മോട്ടോർ തറകൾ സ്ഥാപിക്കാൻ കൃഷിവകുപ്പിൻെറ ഭാഗത്തുനിന്നും നടപടി സ്വീകരിക്കണമെന്ന് പാടശേഖര സമിതി ആവശ്യപ്പെട്ടു.