തിരുവല്ല : തിരുവല്ല പട്ടണമധ്യത്തിലെ വൈ.എം.സി.എ. കവലയ്ക്കുചുറ്റും കുറ്റവാളി സംഘങ്ങളുടെ അഴിഞ്ഞാട്ടം. തീറ്റ, കുടി, മോഷണം തുടങ്ങി പല പരിപാടികളും ഇവിടെ അരങ്ങേറുന്നുണ്ട്. രാത്രിയില്‍ സ്വകാര്യബസ്‌സ്റ്റാൻഡ് പരിസരവും ബൈപ്പാസ് റോഡിലെ ബി വൺ കവലയുമെല്ലാം ഇവരുടെ അധികാരപരിധിയിലാകും. സിംഹാസനപ്പള്ളിക്ക് സമീപമുളള വനിതാ സ്റ്റോറിന്റെ പിൻഭാഗത്തുനിന്ന് കഴിഞ്ഞയിടെ പലവട്ടം സാധനങ്ങൾ കവർന്നു. വൈ.എം.സി.എ. ജംഗ്ഷനിലെ പല സ്ഥാപനങ്ങളിലും ചെറിയ കവർച്ചകൾ അടുത്തിടെ ഉണ്ടായി.
സാമൂഹികവിരുദ്ധ സംഭവങ്ങൾ പലവട്ടം ഇവിടെ നിന്ന് ഉയർന്നുവന്നു. അഴിഞ്ഞാട്ടം നടത്തുന്നവരുമായി ചില ഇടപാടുകൾക്കെത്തിയ ഒരു പോലീസുദ്യോഗസ്ഥന് മർദ്ദനമേറ്റ സംഭവം ആറുമാസം മുമ്പ് നടന്നിരുന്നു. അതിനുശേഷം ഈഭാഗത്ത് കുറ്റവാളിക്കൂട്ടം കൂടിവരികയാണ്. മത്സ്യമാർക്കറ്റിനായി നഗരസഭ പണിത ഷെഡ് കാടുപിടിച്ചുകിടക്കുകയാണ്. ഇവിടെ ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ ആളുകളടക്കം തമ്പടിച്ചിട്ടുണ്ട്.
ചീട്ടുകളിയും പരസ്യമായ മദ്യപാനവും ഇവിടെ നടക്കുന്നുണ്ടെന്ന് സമീപത്തെ വ്യാപാരികൾ പറയുന്നു. വൈ.എം.സി.എ. ഭാഗത്ത് തെരുവുവിളക്കുകൾ മിക്കതും കത്തുന്നില്ല. ഇവിടെ സ്ഥാപിക്കാനായി വർഷങ്ങൾക്കുമുന്നേ എത്തിച്ച ടവർ ലൈറ്റിന്റെ പൈപ്പ് തുരുമ്പെടുത്തുകിടപ്പുണ്ട്. ഇരുപതോളം തെരുവുനായ്ക്കളും കവലയിലുണ്ട്.ഇതിനെതിരെ പലവട്ടം പരാതി പറഞ്ഞു. ഇടയ്ക്ക് പോലീസ് പട്രോളിങ് നടത്തും. പക്ഷേ ശക്തമായ നടപടികളില്ല. മുഴുവൻ തെരുവുവിളക്കുകളും തെളിക്കാനുള്ള നടപടി വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം.