കോഴിക്കോട് : തിരുവമ്പാടിയിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിനെ ആശയക്കുഴപ്പത്തിലാക്കി പ്രതി രജീഷ്. തെളിവെടുപ്പിനിടെ പോലും പരസ്പര വിരുദ്ധമായി വിവരങ്ങൾ നൽകി അവ്യക്തയുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. കസ്റ്റഡിയിൽ വാങ്ങി വീണ്ടും തെളിവെടുപ്പിനൊരുങ്ങുകയാണ് തിരുവമ്പാടി പോലീസ്.
വഴിത്തർക്കത്തെ തുടർന്ന് ബുധനാഴ്ചയാണ് തിരുവമ്പാടി ചാലിൽത്തൊടികയിൽ മോഹൻദാസ് അയൽവാസി രജീഷിന്റെ അടിയേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ രജീഷിനെ വെളളിയാഴ്ച വൈകീട്ടാണ് തെളിവെടുപ്പിനെത്തിച്ചത്. സംഭവ ദിവസം ധരിച്ച വസ്ത്രങ്ങൾ ഉപേക്ഷിച്ചത് മലപ്പുറം തൃക്കളയൂർ ക്ഷേത്രത്തിന് സമീപമെന്നായിരുന്നു രജീഷിന്റെ മൊഴി. തുടർന്ന് തിരുവമ്പാടി പോലീസ് സ്ഥലത്ത് വിശദ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്ന് ചാലിൽത്തൊടികയിലെത്തിച്ച് മോഹൻദാസിനെ ആക്രമിച്ച സ്ഥലത്തും പരിസരത്തുമെത്തി തെളിവെടുപ്പിന് തുടക്കമിട്ടെങ്കിലും മഴകാരണം പൂർത്തിയാക്കാനായില്ല.
അന്വേഷണ സംഘവുമായി ഒരുതരത്തിലും രജീഷ് സഹകരിക്കുന്നില്ലെന്നാണ് വിവരം. പരസ്പര വിരുദ്ധമായി കാര്യങ്ങൾ പറയുന്നതിനാൽ കൂടുതൽ വ്യക്തതവേണമെന്ന നിലപാടിലാണ് താമരശ്ശേരി പോലീസ്. റിമാൻഡിലയച്ച രജീഷിന് വേണ്ടി അടുത്ത ദിവസം തന്നെ കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡിയിൽ വാങ്ങി ശേഷമോ കൂടുതൽ നടപടികളിലേക്ക് കടക്കൂ എന്ന് പോലീസ് അറിയിച്ചു.
അയൽവാസികളായ രജീഷും മോഹൻദാസും തമ്മിൽ നേരത്തെ തന്നെ വഴിത്തർക്കം ഉണ്ടായിരുന്നു. രജീഷിന്‍റെ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്ത് കൂടി വഴി നൽകണമെന്നാവശ്യപ്പെട്ട് മോഹൻദാസ് ജില്ല കളക്ടർക്ക് പരാതി നൽകിയതോടെയാണ് തർക്കം രൂക്ഷമായത്. ബുധനാഴ്ച വാക്കേറ്റത്തിനിടെ രജീഷ് മോഹൻദാസിനെ ടൈൽസ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.