തിരുവനന്തപുരം : കനത്ത മഴയെ തുടർന്ന് തലസ്ഥാന നഗരിയിൽ വിവിധയിടങ്ങളിൽ വെളളം കയറി. പട്ടം കോസ്‌മോ ഹോസ്പിറ്റലിന് എതിർവശത്തും കഴക്കൂട്ടത്തും നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇവിടങ്ങളിൽ നിലവിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മഴക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തിൽ 11 ക്യാമ്പുകൾ തുറന്നു. ത്വരിത നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി ആൻ്റണി രാജു പറഞ്ഞു. തിരുവനന്തപുരം നെയ്യാറ്റിൻകര റെയിൽവെ സ്റ്റേഷന് സമീപത്തുള്ള വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കിളിമാനൂർ പഴയകുന്നുമ്മേൽ കാനറ വാട്ടർ ടാങ്കിന്സമീപം കാനറ ശ്മശാനത്തിലേക്കുള്ള റോഡിൽ കുന്ന് ഇടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. പഴയ കുന്നുമ്മേൽ വണ്ടന്നൂർ വാർഡിലെ പല പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.
മരുത്തൂരിൽ ഹൈവേയ്ക്ക് കുറുകേ മരം വീണ് ഗതാഗതം തടസപെട്ടതായും റിപ്പോർട്ടുണ്ട്. അതേസമയം വിവിധ താലൂക്കുകളിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. തിരുവനന്തപുരം താലൂക്ക് കൺട്രോൾ റൂം നമ്പർ: 0471 2462006, 9497711282, നെയ്യാറ്റിൻകര താലൂക്ക് കൺട്രോൾ റൂം നമ്പർ: 0471 2222227, 9497711283, കാട്ടാകട താലൂക്ക് കൺട്രോൾ റൂം നമ്പർ: 0471 2291414, 9497711284, നെടുമങ്ങാട് താലൂക്ക് കൺട്രോൾ റൂം നമ്പർ: 0472 2802424, 9497711285, വർക്കല താലൂക്ക് കൺട്രോൾ റൂം നമ്പർ: 0470 2613222, 9497711286, ചിറയിൻകീഴ് താലൂക്ക് കൺട്രോൾ റൂം നമ്പർ: 0470 2622406, 9497711284.