തിരുവനന്തപുരം : പാളയത്ത് രോഗം ബാധിച്ച സാഫല്യം കോംപ്ലെക്‌സിലെ തൊഴിലാളിയുടേതുള്‍പ്പെടെ മൂന്നു പേരുടെ റൂട്ട്മാപ്പ് പുറത്ത് വിട്ടു. തൊണ്ടവേദനയ്ക്ക് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ യുവാവിന് വീട്ടിലെ നിരീക്ഷണം നിര്‍ദ്ദേശിച്ചു.14 ദിവസം നന്ദാവനത്തെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷം 28 ന് പാളയം പ്രദേശത്തെ വിവിധ കടകളിലും, 29 ന് ഷോപ്പിങ് കോംപ്ലെക്‌സിലെ സ്ഥാപനത്തിലുമെത്തി. ബാലരാമപുരം പഞ്ചായത്തിലെ തലയല്‍ വാര്‍ഡില്‍ രോഗം ബാധിച്ച വെല്‍ഡറുടെ സഞ്ചാരപഥം സങ്കീര്‍ണ്ണമാണ്.
ബാലരാമപുരം വില്ലേജ് ഓഫീസിലും സബ് രജിസ്‌ട്രാർ ഓഫീസിലും പോയിട്ടുണ്ടെന്നു തിരിച്ചറിഞ്ഞു. കാലടി വാര്‍ഡില്‍ വെല്‍ഡിങ് പണിക്കും പോയിട്ടുണ്ട്. കോവിഡ് ബാധിച്ച വഴുതൂര്‍ സ്വദേശിയായ വിഎസ് എസ് എസി ജീവനക്കാരന്‍ പൊതുജന സമ്പര്‍ക്കമുളള ഇടങ്ങളില്‍ കാര്യമായി സഞ്ചരിച്ചിട്ടില്ല.
അതേസമയം, ഉറവിടമറിയാത്ത രോഗബാധിതരുടെ എണ്ണം വര്‍ധിച്ച തിരുവനന്തപുരം നഗരം അതീവ ജാഗ്രതയിലാണ്. തലസ്ഥാനം അഗ്‌നിപര്‍വതത്തിന് മുകളിലെന്നും ജനങ്ങള്‍ അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ എന്നും മന്ത്രി കടകംപളളി സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്കി. സമൂഹവ്യാപനമില്ലെന്നും കൂടുതല്‍ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. പാളയം വാണിജ്യമേഖലയുള്‍പ്പെടെ നഗരത്തിലെ 14 മേഖലകളില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി.
ജില്ലയുടെ ചുമതലയുളള മന്ത്രിയുടെ വാക്കുകളില്‍ തന്നെ സ്ഥിതി സങ്കീര്‍ണത എത്രയെന്ന് വ്യക്തമാണ്. ഓണ്‍ലൈന്‍ ഭക്ഷണ വിതരക്കാരന്‍, എ ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ ഉള്‍പ്പെടെ 25 പേര്‍ക്കാണ് രണ്ടുമാസത്തിനുളളില്‍ തിരുവന്തപുരത്ത് രോഗബാധ സ്ഥിരീകരിച്ചത്. പാളയം മാര്‍ക്കറ്റിനോട് ചേര്‍ന്നുളള വാണിജ്യമേഖല, വെളളനാട് പഞ്ചായത്തിലെ കണ്ണമ്പളളി, വെള്ളനാട് ടൗണ്‍ തുടങ്ങിയ മേഖലകള്‍ കണ്ടൈന്‍മെന്റ് സോണുകളായി മാറ്റി.