തിരുവനന്തപുരം: പേരൂർക്കട വ്യാജ മാലമോഷണ കേസ് തിരുവനന്തപുരം ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് എസിപി വിജു കുമാറിനാണ് അന്വേഷണ ചുമുതല. എസ്.സി-എസ്.ടി കമ്മിഷന്റെ ഉത്തരവിനെ തുടർന്നാണ് ബിന്ദുവിന്റെ പരാതിയിൽ കേസെടുത്തത്. വ്യാജ പരാതി നൽകിയ ഓമന ഡാനിയൽ, മകൾ നിഷ എന്നിവരാണ് പ്രതികൾ. എസ് ഐ പ്രസാദ്, എ എസ് ഐ പ്രസന്നൻ എന്നിവരും പ്രതികളാണ്. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആറിൽ ഗുരുതര പരാമർശങ്ങളുണ്ടായിരുന്നു. എസ്.ഐയും, എ.എസ്.ഐയും ചേർന്നു ബിന്ദുവിനെ അന്യായമായി തടഞ്ഞുവെച്ചുവെന്നും കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണം നടത്താതെയെന്നും എഫ്ഐആറിൽ പറയുന്നു. വീട്ടുജോലിക്കാരിയായ ബിന്ദു മാല മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ഓമന ഡാനിയൽ പരാതി നൽകിയത്.
മാല നഷ്ടപ്പെട്ടത് ഏപ്രിൽ 18നാണെങ്കിലും പരാതി നൽകിയത് 23നായിരുന്നു. ബിന്ദുവിന്റെ വീട്ടിൽ അറിയിക്കാതെ ഒരു രാത്രി മുഴുവൻ പോലീസ് സ്റ്റേഷനിൽ ഇരുത്തി ബിന്ദുവിനെ ക്രൂരമായി ചോദ്യം ചെയ്യുകയായിരുന്നു. പിന്നീട് ഓമനയുടെ വീട്ടിൽ നിന്ന് തന്നെ മാല കണ്ടെത്തി. ഇതോടെയാണ് പോലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീ നേരിട്ട ദുരനുഭവം പുറത്തറിയുന്നത്. മാസങ്ങൾക്ക് ശേഷം എസ്.സി-എസ്.ടി കമ്മീഷന്റെ നിർദ്ദേശത്തെ തുടർന്ന് ബിന്ദുവിന്റെ പരാതിയിൽ പേരൂർക്കട പോലീസ് കേസെടുത്തു. എസ്.ഐ പ്രസാദും എ.എസ്.ഐ പ്രസന്നകുമാറും ബിന്ദുവിനെ അസഭ്യം പറഞ്ഞു. പോലീസ് സ്റ്റേഷനിൽ അന്യായമായി തടങ്കലിൽ വെച്ചു. ഓമനയും മകൾ നിഷയും വ്യാജ മൊഴി നൽകിയെന്നും എഫ്ഐആറിൽ പറയുന്നു.