തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ചും എയിംസും ചർച്ചയാക്കി എൽ.ഡി.എഫ്. സിറ്റിങ് എം.പി ശശി തരൂര്‍ കാര്യക്ഷമമായി ഇടപെടാത്തതുകൊണ്ടാണ് ഈ പദ്ധതികൾ വരാത്തതെന്ന് കുറ്റപ്പെടുത്തുന്ന ഇടതു മുന്നണി, കേന്ദ്ര സർക്കാർ എയിംസ് അടക്കമുള്ളവയോട് മുഖംതിരിക്കുന്നുവെന്നു കുറ്റപ്പെടുത്തലും നടത്തുന്നുണ്ട്. 2009ല്‍ ആദ്യം മത്സരിക്കാൻ എത്തിയപ്പോൾ തരൂരിന്‍റെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച്. യു.പി.എ അധികാരത്തിലിരുന്ന സമയത്ത് പോലും ഹൈക്കോടതി ബെഞ്ചിന് അനുകൂലമായ നിലപാട് ഉണ്ടായിട്ടില്ല.
സിറ്റിങ് എം.പിയായ ശശി തരൂർ ഇതിനുവേണ്ടി ഏതെങ്കിലും തരത്തിലുള്ള ഇടപെടൽ നടത്തിയിട്ടില്ലെന്നും ഇടതു മുന്നണി പ്രചാരണം നടത്തുന്നുണ്ട്. തരൂരിന്റെ മറ്റൊരു വാഗ്ദാനമായിരുന്നു തിരുവനന്തപുരത്ത് എയിംസ്. മറ്റു പല സംസ്ഥാനങ്ങൾക്കും എയിംസ് അനുവദിച്ചിട്ടും കേരളത്തിലേക്ക് എത്താത്തത് തരൂരിന്റെയും കേന്ദ്ര സർക്കാരിന്റെയും നിലപാടുകൾ കൊണ്ടാണെന്നും ഇടതുമുന്നണി പറയുന്നു. താൻ എം.പി ആയിരുന്നപ്പോൾ നടത്തിയ വികസനനേട്ടങ്ങൾ പറഞ്ഞാണ് പന്ന്യന്‍ രവീന്ദ്രന്റെ വോട്ട് പിടുത്തം.