തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് മോഷണ പരമ്പര നടത്തിയ തെലങ്കാന ഖമ്മം സ്വദേശി സമ്പതി ഉമാപ്രസാദാണ് പിടിയിലായത്. കേരളത്തിലേക്ക് വീണ്ടും വരുന്നതിനിടെ ഇന്നലെ പുലർച്ചെ വിമാനത്താവളത്തിൽ വെച്ച് തന്നെയാണ് കള്ളൻ പിടിയിലായത്. അടിമുടി വേറിട്ട രീതിയുള്ള ഹൈടെക്ക് കള്ളനാണ് ഉമപ്രസാദ്. ആറ് ലക്ഷം രൂപയുടെ സ്വർണം മോഷ്ടിക്കാൻ നടത്തിയത് നാല് വിമാന യാത്രകളാണ്. ഹോട്ടലിൽ താമസം, ഓട്ടോയിൽ കറക്കം, മോഷണം നടത്തി മടക്കം ഇതാണ് രീതി. മേയ് 28ന് തിരുവനന്തപുരത്തെത്തി ശ്രീപത്മനാഭസ്വാമി ക്ഷേത്രവും ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദർശിച്ചു. ഒപ്പം കയറേണ്ട, ആളില്ലാത്ത വീടുകളും നോക്കിവെച്ചു. അഞ്ച് ദിവസം കഴിഞ്ഞ് മടങ്ങി. നാലു ദിവസം കഴിഞ്ഞ് ജൂൺ ആറിന് വിമാനം കയറി വീണ്ടുമെത്തി.
മൂന്ന് വീടുകളിൽ നിരനിരയായി മോഷണം പൂർത്തിയാക്കി ഈ മാസം ഒന്നിന് തിരിച്ചുപോയി. വിരലടയാളം പതിയാതിരിക്കാൻ കയ്യുറ, രൂപവും മുഖവും തിരിച്ചറിയാതിരിക്കാൻ ഓവർകോട്ട്. ഇങ്ങനെ പോലീസിനെ വെള്ളം കുടിപ്പിച്ച മോഷ്ടാവിലേക്കെത്താൻ സിസിടിവി ദൃശ്യങ്ങളാണ് സഹായിച്ചത്. ഇയാൾ കയറിയ ഓട്ടോയിലെ ഡ്രൈവർ നൽകിയ വിവരമാണ് നിർണായകമായത്. ഹോട്ടലുകളിൽ നൽകിയ വിലാസവും വിമാന ടിക്കറ്റുകളും തപ്പിച്ചെന്നാണ് ഇയാളെ പിടിച്ചത്. സ്വർണ്ണം മാത്രമേ മോഷ്ടിക്കൂ എന്നത് മാത്രമല്ല, പണയം വെച്ച് കിട്ടുന്ന പണമാണ് ഇയാള്‍ ചെലവഴിച്ചിരുന്നത്. പോലീസിനെക്കുറിച്ചും നേരത്തെ ഇയാൾ മനസ്സിലാക്കിയിട്ടുണ്ട്.
പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയത് പോലീസിന്റെ കൈയിലേക്കാണ്. മോഷ്ടിച്ച സ്വർണം ഉമാപ്രസാദ് സ്വർണം ഒച്ചിപ്പിച്ചിരുന്നത് ചാക്ക പാലത്തിനടിയിലായിരുന്നു. ഈ സ്വർണം വിൽക്കാനാണ് ഇന്നലെ രാവിലെ തെലങ്കാനയിൽ നിന്നുമെത്തിയത്. ജനൽ കമ്പിമുറിക്കാനായി ഉപയോഗിച്ച കട്ടറും കണ്ടെത്തി. പർവതാരോഹണത്തിൽ താൽപര്യമുള്ളയാളാണ് പ്രതിയെന്ന് പോലീസ് പറയുന്നു. ചെറുപ്പം മുതലേ കുറ്റകൃത്യം പതിവാക്കിയ ആളുമാണ്. കൂടുതൽ മോഷണങ്ങൾ നടത്തിയോ എന്നത് കൂടുതൽ ചോദ്യം ചെയ്യലിൽ വ്യക്തമാകുമെന്നും പോലീസ് പറഞ്ഞു.