തിരുവനന്തപുരം : ചാണ്ടി ഉമ്മനുമായി ഭിന്നതയില്ലെന്നും സഹോദരനായാണ് അദ്ദേഹത്തെ കാണുന്നതെന്നും പ്രതികരിച്ച രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ തിരഞ്ഞെടുപ്പിൽ ചാണ്ടിയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും പറഞ്ഞു. ചാണ്ടി ഉമ്മന്റെ മനസ്സിൽ തറച്ച കാര്യങ്ങളാകും പറഞ്ഞതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ചാണ്ടിയോട് സംസാരിക്കാൻ ശ്രമിച്ചു, പക്ഷെ കിട്ടിയില്ല. എല്ലാ പ്രശ്നത്തിനും പരിഹാരം എന്ന നിലയിൽ മുന്നോട്ട് പോകും. പ്രശ്നങ്ങൾ ഉണ്ടാക്കുന്ന നിലയിലേക്ക് ആരും പോകരുതെന്നും അദ്ദേഹം പറഞ്ഞു. ചാണ്ടി ഉമ്മന് പരാതിയുണ്ടെങ്കിൽ നേതൃത്വവുമായി പറയുകയാണ് വേണ്ടതെന്നും താനല്ല മറുപടി നൽകേണ്ടതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. കേരളത്തിലെ കോൺഗ്രസിൽ ഐക്യത്തിന്റെ മുഖം ഉണ്ടായിക്കൊണ്ടിരിക്കുന്ന സന്ദർഭമാണെന്ന് തിരുവഞ്ചൂർ പ്രതികരിച്ചു.
പാർട്ടിക്കകത്ത് ശാന്തമായി അന്തരീക്ഷം ഉണ്ടാക്കണം, മുന്നണിക്ക് അകത്ത് ഐക്യം ഉണ്ടാക്കണം. ചാണ്ടി ഉമ്മന്റെ വിഷമം പരിഹരിക്കും. ചാണ്ടി വളർന്നു വരുന്ന നേതാവാണ്. പാർട്ടിയിൽ എല്ലാവരെയും ഉൾക്കൊള്ളണം. നേതൃത്വത്തിൽ റിസർവേഷൻ പരിഗണനയില്ല. മുതിർന്നവരും യുവതലമുറയും പാർട്ടി നേതൃത്വത്തിൽ ഉണ്ടാവണം. എല്ലാവരെയും ഉൾക്കൊള്ളുന്ന നേതൃനിരയാണ് കോൺഗ്രസിന് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ എം കെ രാഘവന് എതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിലപാടെടുത്തു. ഇത്തരം നടപടി സാഹസികമാണെന്നും തെരുവിൽ ഇറങ്ങാൻ ആണെങ്കിൽ എന്തിനാണ് പാർട്ടി കമ്മിറ്റിയെന്നും അദ്ദേഹം ചോദിച്ചു. പാർട്ടിയുടെ അച്ചടക്കം തകർക്കരുതെന്നും പരാതി എത്തിയാൽ നിയമപരമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.