കൊച്ചി: തിരുവാര്‍പ്പിലെ ബസ് ഉടമയ്ക്കെതിരായ അക്രമത്തില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. പോലീസ് സംരക്ഷണ ഉത്തരവ് നിലനില്‍ക്കെ ബസുടമ ആക്രമിക്കപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു അക്രമം. പൗരന്‍മാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പോലീസിനുണ്ട്. എത്ര പോലീസുകാര്‍ അവിടെ ഉണ്ടായിരുന്നുവെന്നും കോടതി ചോദിച്ചു. പോലീസ് നാടകം കളിച്ചതാണോ എന്ന് സംശയിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. അക്രമത്തിന് പിന്നാലെ ഹൈക്കോടതി സ്വമേധയാ എടുത്ത കോടതിയലക്ഷ്യ കേസിലാണ് വിമര്‍ശനം.
കേസില്‍ കോട്ടയം ജില്ലാ പോലീസ് മേധാവിയും, സ്റ്റേഷന്‍ ഹൗസ് ഓഫീസറും കോടതിയില്‍ നേരിട്ട് ഹാജരായപ്പോഴായിരുന്നു വിമര്‍ശനം. പെട്ടെന്നുണ്ടായ ആക്രമണമായിരുന്നുവെന്ന് പോലീസ് വാദിച്ചെങ്കിലും നാടകമല്ലെ നടന്നതെന്നായിരുന്നു കോടതിയുടെ മറുചോദ്യം. കോടതിക്ക് മുന്നിലും ലേബര്‍ ഓഫിസര്‍ക്ക് മുന്നിലും തോറ്റാല്‍ എല്ലാ ട്രേഡ് യുണിയനുകളും ഇതാണ് ചെയ്യുക. അത് അറിയുന്നത് കൊണ്ടാണ് പോലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ടത്. എന്നാല്‍ ഒന്നു തല്ലിക്കോയെന്ന സമീപനം പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായി. ആ അടികിട്ടിയത് കോടതിയുടെ മുഖത്താണ്, ബസ് ഉടമയ്ക്ക് അല്ല. അവസാനം ബസ് ഉടമയ്ക്ക് കീഴടങ്ങേണ്ടി വന്നില്ലേ എന്ന് കോടതി ചോദിച്ചു. സംഭവത്തില്‍ എന്തെങ്കിലും അന്വേഷണം ഉണ്ടായോയെന്നും കോടതി പോലീസിനോട് ചോദിച്ചു.