പന്തളം : പന്തളം മഹാദേവക്ഷേത്രത്തിലെ കുംഭ തിരുവാതിര ഉത്സവം തന്ത്രി തിരുവല്ല തെക്കേടത്ത് കുഴിക്കാട്ട് ഇല്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിയുടെ കാർമികത്വത്തിൽ ക്ഷേത്രാചാര വിധിപ്രകാരം ഇന്ന് നടക്കും. വൈകിട്ട് 4.30-ന് കാഴ്ചശ്രീബലി എഴുന്നള്ളിപ്പ്, അഞ്ചിന് കെട്ടുകാഴ്ച പ്രദർശനം, ഏഴിന് സേവ, 9.30-ന് ശ്രീപാർവതി തിരുവാതിരസംഘം വൻമഴി അവതരിപ്പിക്കുന്ന തിരുവാതിരകളി, 10.30-ന് പന്തളം സരസ്വതി വിജ്ഞാനകലാകേന്ദ്രം അവതരിപ്പിക്കുന്ന സംഗീതസമന്വയം എന്നിവയാണ് ഒന്നാംദിവസത്തെ പരിപാടികൾ.
രണ്ടാം ദിവസമായ ഒമ്പതിന് രാവിലെ മുതൽ കെട്ടുകാഴ്ച ദർശനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വൈകിട്ട് 4.30-ന് സമിതിയുടെ നിർദേശപ്രകാരമുള്ള കെട്ടുകാഴ്ച പ്രദർശനം, തുടർന്ന് ദീപാരാധന, പ്രസാദവിതരണം രാത്രി ഒൻപതുമുതൽ നാടൻപാട്ട് ആൻഡ് സ്റ്റേജ് ഷോ എന്നിവ നടക്കും. ശനിയാഴ്ച വൈകിട്ട് തോട്ടക്കോണം, മുടിയൂർക്കോണം, മുളമ്പുഴ, ഞെട്ടൂർ, കൈപ്പുഴ, മങ്ങാരം, തോന്നല്ലൂർ, പനങ്ങാട്, കടക്കാട് വടക്ക്, കടയ്ക്കാട് തെക്ക്, മാന്തുക, പൂഴിക്കാട്, കുരമ്പാല എന്നീ ക്രമത്തിൽ 13 കരകളിൽപ്പെട്ട കെട്ടുരുപ്പടികളാണ് കെട്ടുകാഴ്ചയായി പ്രദർശിപ്പിക്കുന്നത്. നാലുമണിയോടെ വിവിധ കരകളിൽനിന്നുള്ള കെട്ടുരുപ്പടികൾ ക്ഷേത്രത്തിലേക്കെത്തിക്കൊണ്ടിരിക്കും.