പന്തളം : പന്തളം പുത്തൻകോയിക്കൽ കൊട്ടാരത്തിലെ തിരുവോണം നാൾ ആർ. രാമവർമരാജയ്ക്ക് ഞായറാഴ്ച തിരുവോണദിനത്തിൽ 90-ാം പിറന്നാൾ. പന്തളം കൊട്ടാരം വലിയതമ്പുരാനായ ഇദ്ദേഹം തിരുവോണദിനത്തിൽ നഗരിപ്പുറത്തെ സ്വവസതിയിൽ ലളിതമായ ചടങ്ങുകളോടെ നവതി ആഘോഷിക്കും. പന്തളം കൈപ്പുഴ വടക്കേമുറി പുത്തൻകോയിക്കൽ അംബാലിക തമ്പുരാട്ടിയുടെയും കിഴിപ്രം ഇല്ലത്ത് സി.ഡി. നാരായണൻ നമ്പൂതിരിയുടെയും മകനാണ്. ദക്ഷിണറെയിൽവേയിൽ പാലക്കാട് ഡിവിഷണൽ ഓഫീസ് സൂപ്രണ്ടായിരുന്നു. പാലക്കാട് പത്തിരിപ്പാല നഗരിപ്പുറം തുളസീമന്ദിരത്തിലാണ് സ്ഥിരതാമസം.
കുതിരവട്ടം സ്വരൂപത്തിൽ ശങ്കരി തമ്പാട്ടിയാണ് ഭാര്യ. ആശ രാജ (റിട്ട. അധ്യാപിക), അശോകൻ തമ്പാൻ (ജനറൽ മാനേജർ, ജയോൺ ഗ്രൂപ്പ് ഓഫ് കമ്പനീസ്, ഹിമാലയസഞ്ചാരസാഹിത്യകാരൻ), അജിത് തമ്പാൻ (അധ്യാപകൻ) എന്നിവരാണ് മക്കൾ. കേരളവർമ, രാഘവവർമ, രാജേശ്വരി രാജ, പരേതരായ രാധ തമ്പുരാട്ടി, രാജരാജവർമ എന്നിവർ സഹോദരങ്ങളാണ്. രാമവർമരാജ അമ്പതിലധികം തവണ വ്രതനിഷ്ഠയോടെ ശബരിമലദർശനം നടത്തിയിട്ടുണ്ട്. നാലുതവണ തിരുവാഭരണത്തെ അനുഗമിച്ചിട്ടുണ്ടെങ്കിലും രാജപ്രതിനിധിയായി യാത്ര ചെയ്തിട്ടില്ല.