തൊടുപുഴ: തൊടുപുഴ കൊലപാതകത്തിന്റെ തെളിവെടുപ്പില്‍ നിര്‍ണായക കണ്ടെത്തല്‍. ആഷിക് ജോണ്‍സണ്‍ ബിജുവിനെ കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു. കയ്യിലും കാലിലും ബിജുവിനെ കുത്തി മുറിവേല്‍പ്പിച്ച് എന്ന് ആഷിക് മൊഴി നല്‍കിയിരുന്നു. കലയന്താനിയിലെ ഗോഡൗണില്‍ നടത്തിയ തെരച്ചിലിലാണ് കത്തി കണ്ടെടുത്തത്. മൃതദേഹത്തില്‍ കണ്ട മുറിവുകളെ പറ്റി അന്വേഷണസംഘം നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ആഷിക് ജോണ്‍സണ്‍ കുത്തിയതായി പോലീസിന് സൂചന കിട്ടിയത്. വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. കത്തിയില്‍ രക്തക്കറ ഉണ്ടായിരുന്നുവെന്ന് അന്വേഷണസംഘം പറയുന്നു.
ഇടുക്കി തൊടുപുഴയിലെ കൊലപാതക കേസില്‍ പ്രതിയായ ജോമിനും ബിജുവിനോട് വിരോധം. ചെറുപുഴയിലെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ജോമിനു ഒരു ലക്ഷം രൂപയോളം ബിജു നല്‍കാന്‍ ഉണ്ടായിരുന്നു. ഇത് ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ബിജുവിനെ ലക്ഷ്യമിട്ട് പ്രതികള്‍ എത്തിയത് ഈ മാസം 15നാണ്. ബിജുവിന്റെ ഓരോ ദിവസത്തെയും നീക്കങ്ങള്‍ പ്രതികള്‍ സമയമെടുത്ത് നിരീക്ഷിച്ചു. 19ന് രാത്രി തട്ടിക്കൊണ്ടുപോകാന്‍ ആയിരുന്നു നീക്കം. പ്രതികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ബിജു നേരത്തെ വീട്ടില്‍ മടങ്ങി എത്തി. അന്ന് രാത്രി മുഴുവന്‍ പ്രതികള്‍ ബിജുവിന്റെ വീടിന് സമീപം തങ്ങി. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിക്ക് അലാറം വെച്ച് ഉണര്‍ന്ന് ബിജുവിന്റെ സ്‌കൂട്ടറിനെ പിന്തുടര്‍ന്ന പ്രതികള്‍ വാഹനം തടഞ്ഞുനിര്‍ത്തി വലിച്ചു കയറ്റുകയായിരുന്നു.