തിരുവനന്തപുരം: ഫ്രീഡം ഫെസ്റ്റ് അവസാനിക്കുന്നില്ലെന്നും വിദ്യാര്‍ഥികള്‍ക്ക് പ്രാമുഖ്യം നല്‍കി ഫ്രീഡം ഫെസ്റ്റ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും ഫെസ്റ്റിവല്‍ അക്കാദമിക് കമ്മിറ്റി ചെയര്‍മാന്‍ ഡോ തോമസ് ഐസക്. ടാഗോര്‍ തിയറ്ററില്‍ നടന്ന ഫ്രീഡം ഫെസ്റ്റ് സമാപന സമ്മേളനത്തില്‍ ക്രോഡീകരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുളള നോഡല്‍ ഓഫീസര്‍മാരെ പങ്കെടുപ്പിച്ചു ജില്ലകളില്‍ എങ്ങനെ മേളകള്‍ നടത്താമെന്ന് ആലോചിക്കും. പൂര്‍ണമായും വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിക്കൊണ്ടാകും ഫ്രീഡം ഫസ്റ്റ് സംഘടിപ്പിക്കുക. രണ്ട് വര്‍ഷം കൂടുമ്പോള്‍ ഫ്രീഡം ഫെസ്റ്റ് നടത്തുന്നതിനെകുറിച്ച് ആലോചിക്കും. ഇതിനായി സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം വിജ്ഞാന സ്വാതന്ത്രത്തിന്റെ ത്വരിത ഘടകമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാല് ദിവസങ്ങളിലായി പതിനായിരത്തോളം വിദ്യാര്‍ഥികളാണ് ഫ്രീഡം ഫെസ്റ്റില്‍ പങ്കെടുത്തത്. വിവിധ മേഖലകളില്‍ പ്രദര്‍ശനത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. നാല് ദിവസമായി ടാഗോര്‍ തിയേറ്ററിലെ വിവിധ വേദികളിലായി നടന്ന സ്വതന്ത്ര വിജ്ഞാന മേള ഫ്രീഡം ഫെസ്റ്റ് 2023ന് സമാപിച്ചു. ഡി.എ.കെ.എഫ് പ്രസിഡന്റ് അന്‍വര്‍ സാദത്ത്, വൈസ് പ്രസിഡന്റ് ഹിരോഷ് കുമാര്‍ കെ, കണ്‍വീനര്‍ ടി ഗോപകുമാര്‍, ട്രഷറര്‍ സുമേഷ് ദിവാകരന്‍, സി-ഡിറ്റ് ഡയറക്ടര്‍ ജി ജയരാജ്, പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ ജിജു പി. അലക്‌സ്, കൈറ്റ് തിരുവനന്തപുരം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബിന്ദു ജി എസ്, ഡിജിറ്റല്‍ യൂനിവേഴ്‌സിറ്റി ഡീന്‍ അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു.