ചെന്നൈ : തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ കസ്റ്റഡിയിലെടുത്ത പിതാവും മകനും കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിന്റെ വാദങ്ങളെല്ലാം തള്ളുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്. അനുവദിച്ച സമയം കഴിഞ്ഞിട്ടും കട അടക്കാത്തതിനെ തുടര്‍ന്നാണ് ജയരാജിനെയും മകന്‍ ബെനിക്‌സിനെയും കസ്റ്റഡിയിലെടുത്തത്. അറസ്റ്റിനെ ഇരുവരും ചെറുത്തെന്നും തങ്ങളുമായി ഏറ്റുമുട്ടിയെന്നുമാണ് പോലീസ് അവകാശപ്പെട്ടിരുന്നത്.
പുറത്തുവന്ന ഏഴര മിനുട്ടുള്ള വീഡിയോ പ്രകാരം ഇരുവരും പോലീസുമായി വാക്കുതര്‍ക്കത്തിന് പോലും നിന്നിട്ടില്ല. ഇരുവരും കടന്നുകളയാന്‍ ശ്രമിച്ചെന്നും ഏറ്റുമുട്ടിയെന്നും പോലീസ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും വീഡിയോയിലില്ല.
മൊബൈല്‍ സംസാരിച്ചുകൊണ്ട് ജയരാജ് കടക്ക് പുറത്ത് നില്‍ക്കുന്നതാണ് വീഡിയോയുടെ ആദ്യഭാഗത്തുള്ളത്. തുടര്‍ന്ന് ക്യാമറയുടെ കാഴ്ചക്ക് അപ്പുറത്തേക്ക് നടന്നുപോകുന്നു. കുറച്ച് സമയത്തിന് ശേഷം ഒരു ചെറുസംഘം ജയരാജിന്റെ കടയില്‍ നിന്ന് നോക്കിനില്‍ക്കുന്നത് കാണുന്നുണ്ട്. തുടര്‍ന്ന് മകന്‍ ബെനിക്‌സ് തിരക്കിട്ട് പുറത്തേക്ക് പോകുന്നു. കുറച്ചു സമയത്തിന് ശേഷം ബെനിക്‌സും കുറച്ചുപേരും തിരിച്ചുവരുന്നു. ഈ സമയത്ത് ജയരാജില്ല. പോലീസ് കസ്റ്റഡിയില്‍ എടുത്തതാകാനാണ് സാധ്യത. തുടര്‍ന്ന് ബെനിക്‌സ് ബൈക്കില്‍ പോകുന്നു. ഇതാണ് വീഡിയോയിലുള്ളത്.
പോലീസ് സ്‌റ്റേഷനില്‍ വെച്ച് കസ്റ്റഡിയിലെടുത്ത രാത്രി ഇരുവര്‍ക്കും ക്രൂരമായ മര്‍ദനമേറ്റു. ശരീരത്തിന് അകത്തും പുറത്തും പരുക്കുകളുണ്ടായിരുന്നു. ബെനിക്‌സ് ജൂണ്‍ 22നും പിതാവ് അടുത്ത ദിവസവും മരിച്ചു. ഇതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലുടനീളം വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്.