പേസ്ട്രിയും ഡെസേര്‍ട്ടും- പല ഫ്‌ളേവറിലുള്ള ഐസ്‌ക്രീമുകള്‍, ഫ്രൂട്ട് സാലഡിനൊപ്പം ഐസ്‌ക്രീം, കേക്കിനൊപ്പം ഐസ്‌ക്രീം, പുഡ്ഡിംഗുകള്‍, പായസം എന്നിവയെല്ലാം ഭക്ഷണശേഷമുള്ള ഡെസേര്‍ട്ടുകളില്‍ ഉള്‍പ്പെടും. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഇവ രാത്രി ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കുന്നതാണ് ഉത്തമം. പേസ്ട്രി- ക്രീം ഒന്നും ഇല്ലാത്ത സാധാരണ കേക്ക് കഴിക്കുന്നതിലും ഇരട്ടി കാലറി ഉണ്ട് പേസ്ട്രിയില്‍. പേസ്ട്രിയില്‍ കേക്ക് കൂടാതെ ക്രീം ഐസിംഗും ഉണ്ടാകാം. അതിനാല്‍ തന്നെ പേസ്ട്രിയില്‍ കൊഴുപ്പും ഷുഗറും വളരെ കൂടുതല്‍ അടങ്ങിയിരിക്കുന്നു.
പൊറോട്ടയും ബീഫും- ഒരു പൊറോട്ട കഴിക്കുന്നത് മൂന്ന് ചപ്പാത്തിക്ക് തുല്യമാണെന്ന് എത്ര പേര്‍ക്കറിയാം…? പൊറോട്ട കഴിച്ചു തുടങ്ങിയാല്‍ നമ്മള്‍ ഒരിക്കലും ഒന്നില്‍ നിര്‍ത്തില്ല. പ്രത്യേകിച്ച് ബീഫ് കൂടെയുണ്ടെങ്കില്‍. രണ്ടോ, മൂന്നോ ഒക്കെ ചിലപ്പോള്‍ കഴിച്ചെന്നിരിക്കും. എണ്ണം കൂടുംതോറും കലോറിയുടെ അളവും കൂടും. മാത്രമല്ല പൊറോട്ട ഉണ്ടാക്കുന്നത് മൈദ കൊണ്ടാണ്. നാരിന്റെ അംശം ഇല്ലാത്ത മൈദ ദഹിക്കാന്‍ പ്രയാസമാണ്. മാത്രമല്ല പൊറോട്ട തയാറാക്കാന്‍ വലിയ അളവില്‍ എണ്ണ ഉപയോഗിക്കുന്നുണ്ട്. പല സ്ഥലങ്ങളിലും ഉപയോഗിച്ച എണ്ണതന്നെയാവും പിന്നീടും ഉപയോഗിക്കുക. പൊറോട്ടയുടെ കൂടെ ബീഫ് കറി കോംബിനേഷന്‍ യുവതലമുറയുടെ ഹരമാണ്. ബീഫിലും നാരുകള്‍ ഇല്ല. കൊഴുപ്പിന്റെ അളവും കൂടുതലാണ്. ബീഫ് കറി തയാറാക്കുമ്പോഴും വലിയ അളവില്‍ എണ്ണ ഉപയോഗിക്കാറുണ്ട്. ഇതും ആരോഗ്യത്തിന് ഒട്ടും ഗുണകരമല്ലെന്ന് അറിയുക.