തോട്ടഭാഗം : ടി.കെ. റോഡിലെ പുറമ്പോക്കിൽ മാലിന്യംതള്ളുന്നത് പതിവാകുന്നു. വടയത്രപ്പടിക്ക് സമീപമാണ് വഴിയോരത്ത് പ്ലാസ്റ്റിക് വസ്തുക്കൾ അടക്കമുള്ളവ പതിവായികൊണ്ടിടുന്നത്. ഇവിടെ കെട്ടിടനിർമാണ പ്രവർത്തനങ്ങൾ നടക്കുന്നിടത്തുനിന്ന് ചേർന്നാണ് മാലിന്യം തള്ളുന്നത്. റോഡരികിലെ പുറമ്പോക്ക് സ്ഥലത്തുള്ള കുഴികളിലും മാലിന്യം തള്ളുന്നുണ്ട്. മനയ്ക്കച്ചിറമുതൽ തോട്ടഭാഗംവരെ പലപ്പോഴം വഴിയോരം തെളിക്കുമെങ്കിലും വേഗത്തിലാണ് കാടായിമാറുന്നത്. വാഹനങ്ങളിൽ പോകുന്ന കൂട്ടത്തിലാണ് മിക്കവരും മാലിന്യം വലിച്ചെറിയുക.
ഏതാനും മാസംമുമ്പ് കക്കൂസ്‌മാലിന്യം തള്ളുന്നതും പതിവായിരുന്നു. ഇതു തടയാൻ ഒടുവിൽ പ്രദേശവാസികൾ സംഘടിച്ച് ഉറക്കമിളച്ചിരിക്കേണ്ട അവസ്ഥയുണ്ടായി. പൊതുമരാമത്തിന്റെ പുറമ്പോക്കിലെ കുഴികൾ മൂടാതെ കിടക്കുകയാണ്. വർഷങ്ങൾക്കുമുമ്പ് വഴിയുടെ പണിക്കിടെ മണ്ണെടുത്ത് മാറ്റിയ പ്രദേശമാണിത്. മനയ്ക്കച്ചിറ ഭാഗത്തുള്ളവ മണ്ണിട്ടുനികത്തി. എന്നാൽ വടയത്രപ്പടിമുതൽ തോട്ടഭാഗംവരെ ഒരു കിലോമീറ്ററോളം ദൂരം വൻകുഴികളായി കിടക്കുന്നു. ഇതിലേക്കാണ് മാലിന്യം വലിച്ചെറിയുന്നത്. ആറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ ഈ കുഴികളിൽ വെള്ളംനിറയും. മാലിന്യം കിടന്നളിഞ്ഞ് ചീഞ്ഞുനാറാൻ ഇതിടയാക്കും. സമീപത്തെ വീടുകളിലെ കിണറുകളിലേക്ക് മലിനജലം ഉറവായായി എത്തുന്ന സ്ഥിതിയാണ്. ഇക്കാര്യം താലൂക്കുസഭയിൽ ഉന്നയിച്ചിട്ടുള്ള കാര്യമാണെന്നും തടർനടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഇവിടത്തെ കുഴികൾ മണ്ണിട്ടുനികത്തിയാൽ മാലിന്യംതള്ളുന്നത് തടയാനും സർക്കാർ പദ്ധതിക്ക് വിനിയോഗിക്കാനും കഴിയും. നാട്ടുകാരുടെ ആവശ്യവും ഇതുതന്നെയാണ്.